India

‘യൂട്യൂബ് വീഡിയോ ലൈക്ക് ചെയ്താൽ പണം’; പോയി കിട്ടിയത് 15 ലക്ഷം രൂപ

Posted on

ന്യൂ‍ഡൽഹി: സൈബർ തട്ടിപ്പിലൂടെ ഡൽഹി സ്വദേശിക്ക് നഷ്ടമായത് 15 ലക്ഷം രൂപ. യൂട്യൂബ് വീഡിയോ ലൈക്ക് ചെയ്യുന്നതിന് പണം നൽകാമെന്ന വാട്‌സ്ആപ്പ് സന്ദേശത്തിലൂടെയാണ് ഇയാൾ പറ്റിക്കപ്പെട്ടത്. ഡൽഹിയിലെ മഹാ ലക്ഷ്മി എൻക്ലേവിൽ താമസിക്കുന്ന രാജേഷ് പാലിനെയാണ് വ്യാജസന്ദേശത്തിലൂടെ പറ്റിച്ചത്. ഇയാളിൽ നിന്നും പണം തട്ടിയെടുത്ത സൈബർ തട്ടിപ്പുകാരിൽ ഒരാളായ ശുഭം മിശ്രയെ പൊലീസ് അറ​സ്റ്റ് ചെയ്തു. മൂന്ന് വീഡിയോകൾ ലൈക്ക് ചെയ്തതിന് ശേഷം 150 രൂപ സംഘം രാജേഷ് പാലിന് കൈമാറിയിരുന്നു. തുടർന്ന് ടെലി​ഗ്രാം ഗ്രൂപ്പിൽ ചേർത്തതിന് ശേഷം ഒരു ടാസ്‌കായി പണം നിക്ഷേപിക്കാൻ രാജേഷിനോട് ആവശ്യപ്പെട്ടു.

തുടക്കത്തിൽ 5,000 രൂപയും പിന്നീട് 32,000 രൂപയും പിന്നീട് പല തവണകളിലായി തുക 15.20 ലക്ഷം രൂപയാകുന്നതും വരെ നിക്ഷേപം തുടരുകയായിരുന്നു. മുഴുവൻ തുകയും ഒറ്റയടിക്ക് തിരികെ നൽകാമെന്നായിരുന്നു തട്ടിപ്പുകാരുടെ വാഗ്ദാനം. ഒടുവിൽ രാജേഷിന് കൂടുതൽ പണം നൽകാൻ കഴിയില്ലെന്ന് തട്ടിപ്പുകാർ മനസ്സിലാക്കിയതോടെ അയാളുമായുള്ള എല്ലാ ബന്ധങ്ങളും ഉപേക്ഷിക്കുകയായിരുന്നു. കാർ വിൽപ്പനക്കാരനായി ജോലി ചെയ്തിരുന്ന മിശ്ര തൻ്റെ ബാല്യകാല സുഹൃത്തുക്കളുടെയും കൂടെ പഠിച്ചിരുന്നവരുടെയും സഹായത്തോടെയാണ് ആളുകളെ കബളിപ്പിച്ചത്. പിടിക്കപ്പെടാതിരിക്കാൻ ഡൽഹി, ബിഹാർ, മധ്യപ്രദേശ് എന്നീ പ്രദേശങ്ങൾക്കിടയിൽ മാറിമാറി താമസിക്കുകയായിരുന്നു പ്രതികളുടെ രീതി. 2024 ജനുവരി 19-ന് രാജേഷ് സൈബർ ക്രൈം പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.

ഐപിസി 420 പ്രകാരം എഫ്ഐആർ രജിസ്റ്റർ ചെയ്തെന്ന് നോർത്ത്-ഈസ്റ്റ് ജില്ല ഡിസിപി ജോയ് ടിർക്കി പറഞ്ഞു. വിവിധ അക്കൗണ്ടുകളിലായി തുക നിക്ഷേപിച്ചതായി പൊലീസ് കണ്ടെത്തി. ഈവിൾ കളക്ഷൻസ് എന്ന അക്കൗണ്ടിൽ നിന്ന് ഒറ്റ ദിവസം കൊണ്ട് 1.5 കോടി രൂപയുടെ ഇടപാട് നടന്നതായി കണ്ടെത്തി. ഡൽഹിയിലെ കപഷേര പ്രദേശത്ത് നിന്ന് പ്രസ്തുത അക്കൗണ്ടിൻ്റെ ഇടപാടുകളുടെ ഐപി ലോഗുകളുടെ സ്ഥാനം പൊലീസിന് ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ റെയ്ഡിനൊടുവിലാണ് പ്രതി പിടിയിലായത്. തട്ടിപ്പ് തുകയായ 49000 രൂപയും തട്ടിപ്പ് നടത്താൻ ഉപയോഗിച്ച ഫോണും കണ്ടെത്തിയെന്ന്. ഇയാളുടെ കൂട്ടാളികളെ കണ്ടെത്താനുള്ള ശ്രമം പൊലീസ് തുടരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version