India
വൈഎസ്ആർടിപിയെ ലയിപ്പിക്കും; ശർമ്മിള നാളെ കോൺഗ്രസിൽ ചേരും
ന്യൂഡൽഹി: ആന്ധ്രാ പ്രദേശ് മുൻമുഖ്യമന്ത്രി വൈ എസ് രാജശേഖര റെഡ്ഡിയുടെ മകളും വൈഎസ്ആർ കോൺഗ്രസ് പാർട്ടി അധ്യക്ഷനായ വൈ എസ് ജഗൻ മോഹൻ റെഡ്ഡിയുടെ സഹോദരിയുമായ വൈഎസ് ശർമ്മിള നാളെ കോൺഗ്രസിൽ ചേരും. സ്വന്തം പാർട്ടിയായ വൈഎസ്ആർ തെലങ്കാന പാർട്ടിയെ കോൺഗ്രസിൽ ലയിപ്പിക്കും. ആന്ധ്രയിൽ ഈ വർഷം നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ് നീക്കം. ഇതു കണക്കിലെടുത്ത് ശർമ്മിളയ്ക്ക് ആന്ധ്രയിലെ കോൺഗ്രസിൽ ഉന്നത പദവി നൽകിയേക്കുമെന്നാണ് സൂചന. ശർമ്മിള ഇന്ന് ഡൽഹിയിൽ എത്തി സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്‌ച നടത്തും.
എന്നാൽ ശർമ്മിള കോൺഗ്രസിൽ ചേരാതിരിക്കാൻ ആന്ധ്രാ മുഖ്യമന്ത്രി കൂടിയായ ജഗൻ മോഹൻ റെഡ്ഡി ശ്രിമിച്ചിരുന്നു. അമ്മാവൻ കൂടിയായ മുൻ എംപി ശുഭ റെഡ്ഡിയെ അയച്ച് നടത്തിയ സന്ധി സംഭാഷണവും വിഫലമായി. വൈഎസ്ആർടിപി രൂപീകരിച്ച ശേഷം തെലങ്കാനയിൽ ശർമ്മിള സജീവമായിരുന്നു. അന്ന് മുഖ്യമന്ത്രി ആയിരുന്ന ചന്ദ്രശേഖര റാവുവിന് കനത്ത വെല്ലുവിളിയാണ് ഇവർ ഉയർത്തിയിരുന്നത്. എന്നാൽ ഒരിക്കൽ പോലും ശർമിള തെരഞ്ഞെടുപ്പിൽ മത്സരിച്ചിട്ടില്ല.