താമരശ്ശേരി: റോഡിലൂടെ പാഞ്ഞെത്തിയ കാട്ടുപന്നിക്കൂട്ടം സ്കൂട്ടറിൽ ഇടിച്ച് യാത്രക്കാരന് പരുക്ക്. താമരശ്ശേരിയിലും പരിസര പ്രദേശങ്ങളിലും ഇപ്പോൾ കാട്ടുപന്നി ശല്യം രൂക്ഷമായിരിക്കുകയാണ്. തച്ചംപൊയിൽ ഈർപ്പോണ റോഡിലൂടെ പോകുകയായിരുന്ന സ്കൂട്ടർ യാത്രികൻ അപകടത്തിൽ നിന്നും നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു.
അപകടത്തിനുശേഷം കാട്ടുപന്നികൾ ഈർപ്പോണ താന്നിക്കൽ സുലൈമാന്റെ വീട്ടുമുറ്റത്തേക്ക് ഓടിക്കയറി. ബൈക്ക് യാത്രക്കാരനെ ഇടിക്കുന്ന ദൃശ്യം സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. ഞായറാഴ്ച രാത്രിയാണ് കാട്ടുപന്നിക്കൂട്ടം മേഖലയിൽ ഇറങ്ങിയത്. ദേശീയ പാതയിൽ നിരവധി തവണ കാട്ടുപന്നിക്കൂട്ടം ബൈക്കുകളിൽ ഇടിച്ചു യാത്രക്കാർക്കു പരുക്കേറ്റിട്ടുണ്ട്.
കാർഷിക വിളകളും വ്യാപകമായി നശിപ്പിക്കുന്നതു പതിവാണ്. പ്രദേശത്ത് കാട്ടുപന്നിക്കു പുറമെ മുള്ളൻപന്നികളുടെയും കുറുനരികളുടെയും ശല്യം രൂക്ഷമാണെന്നു നാട്ടുകാർ പറഞ്ഞു