ശരീരഭാരം കുറയ്ക്കാൻ പഠിച്ച പണി പതിനെട്ടും പയറ്റുന്നവരാണ് നമ്മൾ. ഓട്ടം, ചട്ടം, ഡയറ്റ് എന്നിങ്ങനെ നീണ്ട ഒരു ലിസ്റ്റ് തന്നെ അതിനു പിന്നിൽ ഉണ്ടാകും. എന്നാൽ പെട്ടന്നൊരു സുപ്രഭാതത്തില്‍ ശരീരം അനങ്ങാതെ തന്നെ ഭാരം കുറഞ്ഞാലോ…..? അമിതമായി സന്തോഷിക്കാൻ വരട്ടെ. കാരണം അകാരണമായ വെയിറ്റ് ലോസ് പലപ്പോഴും അര്‍ബുദം പോലുള്ള മാരക രോഗങ്ങളുടെ ലക്ഷണമാകാം. പല പഠനങ്ങളും ഇതിനോടകം ഇത് ശരിവച്ചിട്ടുമുണ്ട്.
അകാരണമായി ഭാരക്കുറവ് അനുഭവപ്പെട്ടവര്‍ക്ക് ഒന്നോ രണ്ടോ വര്‍ഷത്തിനുള്ളില്‍ അര്‍ബുദം നിര്‍ണ്ണയിക്കാനുള്ള സാധ്യത അധികമാണെന്ന് ഡാന-ഫാര്‍ബര്‍ കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തിയ പഠനം ചൂണ്ടിക്കാണിക്കുന്നു. അന്നനാളി, വയര്‍, കരള്‍, ബൈലിയറി ട്രാക്ട്, പാന്‍ക്രിയാസ്, ശ്വാസകോശം, വന്‍കുടല്‍, മലാശയം എന്നിവയുമായി ബന്ധപ്പെട്ട അര്‍ബുദങ്ങള്‍, നോണ്‍-ഹോജ്കിന്‍ ലിംഫോമ, മള്‍ട്ടിപ്പിള്‍ മെലനോമ, ലുക്കീമിയ പോലുള്ള അര്‍ബുദങ്ങള്‍ എന്നിവയെല്ലാം ഭാരനഷ്ടവുമായി ബന്ധപ്പെട്ടിരിക്കുന്നതായി പഠനറിപ്പോര്‍ട്ട് പറയുന്നു.
എന്നാല്‍ സ്തനാര്‍ബുദം, ജെനിറ്റോയൂറിനറി അര്‍ബുദം, തലച്ചോറിനെ ബാധിക്കുന്ന അര്‍ബുദം, മെലനോമ എന്നിവയുമായി ഭാരനഷ്ടത്തിനു ബന്ധം കണ്ടെത്താന്‍ സാധിച്ചില്ലെന്ന് ഗവേഷകര്‍ പറയുന്നു. 1976ല്‍ ആരംഭിച്ച നഴ്‌സസ് ഹെല്‍ത്ത് പഠനത്തിലെയും 1986ല്‍ ആരംഭിച്ച ഹെല്‍ത്ത് പ്രഫഷണല്‍സ് ഫോളോ അപ്പ് പഠനത്തിലെയും ഡേറ്റ ഉപയോഗിച്ചാണ് ഗവേഷണം നടത്തിയത്. 30നും 55നും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ ആദ്യ പഠനത്തിലും 40നും 75നും ഇടയില്‍ പ്രായമുള്ള പുരുഷന്മാര്‍ രണ്ടാം പഠനത്തിലും ഉള്‍പ്പെടുന്നു. പഠനത്തില്‍ ഉള്‍പ്പെട്ട 1,57,474 പേര്‍ 2016 വരെ നിരീക്ഷിക്കപ്പെട്ടു.
അര്‍ബുദത്തിന്റെ ആദ്യ ഘട്ടങ്ങളിലും അവസാന ഘട്ടങ്ങളിലും സമാനമായ തോതിലുള്ള ഭാരനഷ്ടം നിരീക്ഷിച്ചതായി ഗവേഷകര്‍ പറയുന്നു. ജേണല്‍ ഓഫ് ദ അമേരിക്കന്‍ മെഡിക്കല്‍ അസോസിയേഷനില്‍ ഗവേഷണഫലം പ്രസിദ്ധീകരിക്കപ്പെട്ടു. അര്‍ബുദത്തിനു പുറമേ തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രശ്‌നങ്ങള്‍, ക്രോണ്‍സ് ഡിസീസ്, ഹൃദയാഘാതം, അഡ്രിനല്‍ ഗ്രന്ഥിയെ ബാധിക്കുന്ന അഡിസണ്‍സ് രോഗം, പാര്‍ക്കിന്‍സണ്‍സ് രോഗം, എയ്ഡ്‌സ്, പെപ്റ്റിക് അള്‍സര്‍, അള്‍സറേറ്റവ് കോളിറ്റിസ്, വിഷാദരോഗം, ദന്തരോഗങ്ങള്‍, സീലിയാക് രോഗം, പ്രമേഹം, പാന്‍ക്രിയാസ് വീര്‍ക്കല്‍, അമിത മദ്യപാനം, ലഹരിമരുന്ന് ഉപയോഗം, മറവിരോഗം, ഡിസ്ഫാജിയ എന്നിവയും ശരീരഭാരം കുറയ്ക്കാം. അകാരണമായി ഭാരനഷ്ടം അനുഭവപ്പെടുന്നവര്‍ ഡോക്ടറെ ഉടനടി കണ്ട് ആവശ്യമായ പരിശോധനകള്‍ നടത്തേണ്ടതാണ്.