തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ ഉയർന്ന കോളിളക്കങ്ങളിൽ പ്രതികരിച്ച് ഡബ്ല്യുസിസി. മാറ്റം അനിവാര്യമാണ്. നോ പറയാൻ പ്രിവിലേജോ സാഹചര്യമോ ഇല്ലാത്ത സ്ത്രീകളോട്, അത് നിങ്ങളുടെ തെറ്റല്ല. സുരക്ഷിതമായ തൊഴിലിടം ഒരുമിച്ച് സൃഷ്ടിക്കാമെന്നാണ് അതെല്ലാം ഉള്ള സ്ത്രീകളോട് പറയാനുള്ളതെന്നും ഡബ്ല്യുസിസി കുറിച്ചു. സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച പോസ്റ്റിലായിരുന്നു ഡബ്ല്യുസിസിയുടെ പരാമർശം.
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതോടെ സധൈര്യം തങ്ങൾ നേരിട്ട ദുരനുഭവങ്ങൾ വെളിപ്പെടുത്താൻ സ്ത്രീകൾ രംഗത്തെത്തുകയാണ്. ഇതെല്ലാം തുടക്കമിട്ടത് പോരാടുമെന്ന ഒരു സ്ത്രീയുടെ ദൃഢനിശ്ചയത്തിൽ നിന്നാണെന്ന് കഴിഞ്ഞ ദിവസം ഗീതു മോഹൻദാസ് മഞ്ജുവാര്യർ ഉൾപ്പെടെയുള്ളവർ കുറിച്ചിരുന്നു.
എംഎൽഎയായ മുകേഷ്, എഎംഎംഎ ജനറൽ സെക്രട്ടറിയായിരുന്ന സിദ്ദിഖ്, ചലച്ചിത്ര അക്കാദമി ചെയർമാൻ ആയിരുന്ന രഞ്ജിത് തുടങ്ങി നിരവധി പ്രമുഖ വ്യക്തികൾക്കെതിരെയും ആരോപണങ്ങൾ ഉയരുന്നുണ്ട്. ലൈംഗികാരോപണത്തിൻ്റെ അടിസ്ഥാനത്തിൽ സിദ്ദിഖ്, രഞ്ജിത്ത് എന്നിവർ പ്രസ്തുത സ്ഥാനങ്ങളിൽ നിന്നും ഒഴിഞ്ഞിരുന്നു. എഎംഎംഎ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് നിയോഗിക്കപ്പെടേണ്ടിയിരുന്ന ബാബു രാജിനെതിരെയും ലൈംഗികാരോപണം ഉയർന്നിട്ടുണ്ട്. ജയസൂര്യ, ഇടവേള ബാബു, മണിയൻപിള്ള രാജു, തുടങ്ങിയവർക്കെതിരെയും ആരോപണം ഉയർന്നിട്ടുണ്ട്.