Kerala
വയനാട് വാകേരി മൂടക്കൊല്ലിയിൽ വീണ്ടും കടുവയിറങ്ങി
വയനാട് വാകേരി മൂടക്കൊല്ലിയിൽ വീണ്ടും കടുവയിറങ്ങി. മൂടക്കൊല്ലി സ്വദേശി ശ്രീജിത്തിന്റെ പന്നിഫാമിലെ ആറു പന്നികളെ കടുവ കൊന്നു. കഴിഞ്ഞയാഴ്ച ഇതേ ഫാമിലെ 20 പന്നിക്കുഞ്ഞുങ്ങളെയും കടുവ കൊന്നിരുന്നു.
മൂടക്കൊല്ലിയിലെ പന്നിഫാമിൽ ഇന്നലെ രാത്രിയാണ് വീണ്ടും കടുവയെത്തിയത്. ശ്രീജിത്തിന്റെയും ശ്രീനിഷിന്റെയും ഉടമസ്ഥതയിലുള്ള പന്നി ഫാമില്‍ ആറ് പന്നികളെയാണ് കാണാതായത്. ഒരെണ്ണത്തിനെ കൂട്ടിൽ ചത്ത നിലയിലും ബാക്കിയുള്ളവയുടെ ജഡാവശിഷ്ടങ്ങൾ സമീപ പ്രദേശങ്ങളിലും കണ്ടെത്തി.
കഴിഞ്ഞയാഴ്ച ഇതേ ഫാമിലെ 20 പന്നികളെ കടുവ കൊന്നിരുന്നു. തുടർന്ന് ഫാമിനടുത്ത് വനം വകുപ്പ് കൂട് സ്ഥാപിച്ചിരുന്നെങ്കിലും കടുവയെ പിടികൂടാനായിട്ടില്ല. കഴിഞ്ഞമാസം കടുവ പ്രജീഷ് എന്ന യുവകർഷകന്റെ ജീവനെടുത്ത പ്രദേശത്തുനിന്ന് ഒന്നര കിലോമീറ്റർ മാത്രം അകലെയാണ് പന്നി ഫാം. ഈ കടുവയെ പിടികൂടിയതിനുശേഷവും പ്രദേശത്ത് കാക്കനാട്ട് വർഗീസിൻ്റെ മൂന്ന് വയസ്സുള്ള ആടിനെയും ഞാറക്കാട്ടിൽ സുരേന്ദ്രന്റ പശുക്കിടാവിനെയും കടുവ കൊന്നിരുന്നു.
ഇന്നലെ വീണ്ടും കടുവയുടെ ആക്രമണമുണ്ടായതോടെ കടുത്ത ഭീതിയിലാണ് പ്രദേശവാസികൾ.