Kerala
വയനാട് പുനരധിവാസത്തിലെ ഹൈക്കോടതി വിമർശനങ്ങളില്‍ പ്രതികരിച്ച് മന്ത്രി കെ രാജൻ
തൃശൂർ: വയനാട് പുനരധിവാസവുമായി ബന്ധപ്പെട്ട് ഹൈക്കോടതി നടത്തിയ വിമർശനങ്ങളില്‍ പ്രതികരണവുമായി മന്ത്രി കെ രാജൻ. ഇന്നലെയാണ് ഇതിന്റെ വിശദാംശങ്ങള്‍ കോടതി ചോദിച്ചത്. വിശദാംശങ്ങള്‍ പൂർണമായും അവതരിപ്പിക്കുന്നതില്‍ കുറവുണ്ടായോ എന്ന കാര്യം അറിയില്ല. വ്യാഴാഴ്ച കോടതിയില്‍ വിശദാംശങ്ങള്‍ കൊടുക്കണം എന്ന് വാർത്തകളിലൂടെ അറിഞ്ഞു. സമയം അനുവദിച്ചിട്ടുണ്ടെങ്കില്‍ അക്കാര്യം കോടതിയെ ബോധ്യപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.
കോടതിയില്‍ ഹാജരായ ആള്‍ ഇക്കാര്യം പ്രതിഫലിപ്പിക്കുന്നതില്‍ കുറവുണ്ടായോ എന്ന കാര്യം എനിക്കറിയില്ല. അഡ്വാൻസായി നല്‍കിയ പണത്തിന്റെ കണക്ക് നല്‍കിയിട്ടുണ്ടോ എന്ന് അറിയില്ല. എസ്ഡിആർഎഫ് പണം ചൂരല്‍ മലയിലെ ആവശ്യത്തിന് കഴിയുമോ എന്ന കാര്യം വിവാദങ്ങള്‍ ഉയർത്തുന്ന ആളുകള്‍ പറയുന്നില്ല.1032 കുടുംബങ്ങള്‍ക്ക് 10,000 രൂപ ഓഗസ്റ്റ് മാസത്തില്‍ തന്നെ കൊടുത്തു. എസ്ഡിആർഎഫിലെ ഫണ്ട് ഉപയോഗിച്ച് മാത്രം കാര്യങ്ങള്‍ നടത്താൻ കഴിയില്ല. 15-ാം ധനകാര്യ കമ്മീഷൻ നിർദ്ദേശപ്രകാരമുള്ള 298 കോടിയാണ് നല്‍കിയത്. കോടതി നടത്തിയ പ്രതികരണത്തെ കുറിച്ച് മാധ്യമങ്ങളില്‍ വന്ന വാർത്ത അടിസ്ഥാനമാക്കി പ്രതികരിക്കാൻ കഴിയില്ലെന്നും മന്ത്രി പ്രതികരിച്ചു.
കാര്യങ്ങള്‍ കോടതിയെ ബോധ്യപ്പെടുത്തും. ഏറ്റവും ഉത്തരവാദിത്തപ്പെട്ട ആള്‍ തന്നെ കോടതിയുടെ മുന്നില്‍ ഹാജരായി വ്യാഴാഴ്ച കൃത്യമായി കണക്ക് നല്‍കും. 291 കോടിയില്‍ നിന്ന് വാടക കൊടുക്കാനാവുമോ. എത്ര കോടി വന്നാലും ചിലവാക്കാൻ കഴിയില്ലെങ്കില്‍ പിന്നെ എങ്ങനെയാണ്. ചൂരല്‍ മലക്ക് പ്രത്യേക പാക്കേജ് വേണം. കേരളം മെമ്മോറാണ്ടം നല്‍കിയില്ല എന്ന് ആർക്കാണ് പറയാൻ സാധിക്കുക. മുട്ടാപോക്കിന് ഒരു ന്യായം പറഞ്ഞ് ഇത് പകലല്ല എന്ന് വാദിച്ചാല്‍ പിന്നെ എങ്ങനെയാണ്. പാസ്ബുക്കില്‍ ഉള്ള പണം സർക്കാരിന്റെ കയ്യില്‍ ഉണ്ട്.
എസ്ഡിആർഎഫിന്റെ ഇപ്പോഴത്തെ മാനദണ്ഡം വച്ച് തുക ചിലവാക്കാൻ ആകില്ല എന്നതാണ് പ്രശ്നം. കേരളം ആവശ്യപ്പെട്ട മൂന്നു കാര്യങ്ങളില്‍ മൂന്നും നടപ്പാക്കപ്പെട്ടിട്ടില്ല. ചൂരല്‍മലയ്ക്ക് പ്രത്യേക പാക്കേജ് വേണം. എസ്ഡിആർഎഫ് ഫണ്ടിന്റെ മാനദണ്ഡം അനുസരിച്ചുള്ള പണം മാത്രമേ കേരളത്തില്‍ തരൂവെന്ന് കേന്ദ്രം പറയട്ടെ. അപ്പോള്‍ കേരളം മറ്റു വഴി തേടും. മാനദണ്ഡങ്ങള്‍ക്കപ്പുറത്ത് ചൂരല്‍മലയിലെ ആളുകളുടെ കണ്ണീർ തുടയ്ക്കാൻ ഒരുപാട് പണം വേണ്ടിവരുമെന്നും രാജൻ പറഞ്ഞു.