വയനാട് മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ രക്ഷാപ്രവര്‍ത്തനത്തിന്റെ ഭാഗമായി ഇന്ന് പ്രത്യേക ആക്ഷന്‍ പ്ലാന്‍ നടപ്പിലാക്കും. സൂചിപാറയിലെ സൺറൈസ് വാലി കേന്ദ്രീകരിച്ചുകൊണ്ടുള്ള തിരച്ചിലിന് എയർലിഫ്റ്റിങ് ഏര്‍പ്പെടുത്താനാണ് തീരുമാനം. രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്തിപ്പെടാൻ കഴിയാത്ത സാഹചര്യം നിലനില്‍ക്കുന്നതിനാലാണ് സൈനികരും ഫോറസ്റ്റ് ഉദ്യോഗസ്ഥരും അടക്കമുള്ള 12 പേരെ എയര്‍ലിഫ്റ്റിംഗ് നടത്തുന്നത്.
രാവിലെ എട്ട് മണിക്ക് എസ്കെഎംജെ ഗ്രൗണ്ടിൽ നിന്ന് എയർ ലിഫ്റ്റിങ്ങിലൂടെ സംഘം സ്പോട്ടിൽ എത്തിച്ചേരും. ചാലിയാര്‍ പുഴ കേന്ദ്രീകരിച്ച് സൺറൈസ് വാലിയോട് ചേർന്ന് കിടക്കുന്ന ഇരു കരകളിലും തിരച്ചിൽ നടത്തും. അവിടെ നിന്നും മൃതശരീരങ്ങൾ കൊണ്ടുവരേണ്ടത് ഉണ്ടെങ്കിൽ പ്രത്യേക ഹെലികോപ്റ്റർ സജ്ജമാക്കും. ഉരുൾപൊട്ടൽ ദുരന്തമുണ്ടായ വയനാട്ടിൽ സൈന്യം തീരുമാനിക്കും വരെ തിരച്ചിൽ തുടരണമെന്നാണ് സര്‍ക്കാര്‍ തീരുമാനം. പുനരധിവാസത്തിനായി എല്ലാവരുടേയും സഹായത്തോടെ ബൃഹദ് പാക്കേജ് തയ്യാറാക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.
മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം മരണം 402 ആയിട്ടുണ്ട്. എന്നാല്‍ ഔദ്യോഗിക കണക്കനുസരിച്ച് മരണസംഖ്യ 222 ആണ്. 180 പേരെ ഇനിയും കണ്ടെത്താനുണ്ട്. ദുരന്തത്തിനിരയായവരെ കണ്ടെത്താൻ അന്വേഷണം തുടരുകയാണ്.