തിരുവനന്തപുരം: വയനാട് മുണ്ടക്കൈയിലുണ്ടായ ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്‍റെ പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാരിന്‍റെ ഇന്നത്തെ എല്ലാ പൊതുപരിപാടികളും മാറ്റിവെക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നിര്‍ദേശം നല്‍കി.
ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 41 ആയി. വയനാട്ടില്‍ ഇന്നുവരെ ഉണ്ടാകാത്ത വലിയ ദുരന്തമാണ് മേപ്പാടി മുണ്ടക്കൈയിലുണ്ടായത്. മൂന്നു തവണയാണ് ഉരുള്‍പൊട്ടിയത്.
ഇനിയും നിരവധി പേരെ കണ്ടെത്താനുണ്ട്. ഉരുള്‍പൊട്ടലില്‍ ചൂരല്‍മല, മുണ്ടക്കൈ, അട്ടമല മേഖല ഒറ്റപ്പെട്ടു. അതേസമയം, ദുരന്തത്തിന്‍റെ വ്യാപ്തി ഇപ്പോഴും പറയാൻ കഴിയാത്ത അവസ്ഥയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പലയിടത്തും എത്തിപ്പെടാൻ പ്രയാസമാണെന്നും എല്ലാ സന്നാഹങ്ങളും വയനാട്ടിലേക്ക് പോവുകയാണെന്നും പ്രധാനമന്ത്രി എല്ലാ സഹായവും വാഗ്ദാനം ചെയ്തുവെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.