2019 ആഗസ്റ്റ് എട്ടിനാണ് വയനാടിനെ പിടിച്ചുലച്ച പുത്തുമല ദുരന്തം നടന്നത്. 17 പേര്‍ക്കാണ് അന്ന് ജീവന് നഷ്ടമായത്. 57 വീടുകള്‍ പാടേ മാഞ്ഞു പോയി.
അന്ന് ഒരു ഗ്രാമം തന്നെയാണ് ആ മലവെള്ളപ്പാച്ചിലില്‍ ഇല്ലാതായത്. പുത്തുമല ദുരന്ത ഓര്‍മകള്‍ക്ക് 5 വര്‍ഷം തികയാന്‍ ഒരാഴ്ച ബാക്കി നില്‍ക്കുമ്പോഴാണ് വയനാടിനെ ഭീതിയിലാഴ്ത്തി ചൂരല്‍ മലയിലെ മറ്റൊരു ഉരുള്‍പ്പൊട്ടല്‍.കുത്തിയൊഴുകിവന്ന മലവെള്ളപ്പാച്ചിലില്‍ ചൂരല്‍മല അങ്ങാടി തരിശുഭൂമിയായിരിക്കുന്ന ഭീകര കാഴ്ചയാണ് കാണാന്‍ സാധിക്കുന്നത്.
പുത്തുമല ദുരന്തം നടന്ന സ്ഥലത്ത് നിന്ന് രണ്ട് കിലോമീറ്റര്‍ മാത്രം അകലെയാണ് ചൂരല്‍മല. വെള്ളാര്‍മല സ്കൂള്‍ ഒന്നാകെ ചെളിവെള്ളത്തില്‍ മുങ്ങി. മുണ്ടക്കൈ ടൗണിലാണ് പുലര്‍ച്ചെ ഒരു മണിയോടെ ആദ്യ ഉരുള്‍പൊട്ടലുണ്ടായത്. രക്ഷാപ്രവര്‍ത്തനം നടക്കുന്നതിനിടെ നാലു മണിയോടെ ചൂരല്‍മല സ്കൂളിനു സമീപവും ഉരുള്‍പൊട്ടലുണ്ടാകുകയായിരുന്നു.
മുണ്ടക്കൈ, അട്ടമല, ചൂരല്‍മല എന്നിവിടങ്ങളിലാണ് ഏറെ നാശമുണ്ടായത്. ചെമ്പ്ര, വെള്ളരി മലകളില്‍ നിന്നായി ഉല്‍ഭവിക്കുന്ന പുഴയുടെ തീരത്താണ് ചൂരല്‍മലയും മുണ്ടക്കൈയും. ഈ രണ്ട് സ്ഥലവും ബന്ധിപ്പിക്കുന്ന പാലം ഉരുള്‍പൊട്ടലില്‍ ഒലിച്ചുപോയി. ഇതോടെ ഇരുമേഖലകളിലേക്കുമുള്ള ബന്ധം വിച്ഛേദിക്കപ്പെട്ട നിലയിലാണ്. നിരവധി ആളുകളാണ് ഇപ്പോഴും കാണാമറയത്ത് കിടക്കുന്നത് 50ലധികം ആളുകള്‍ക്ക് ജീവന് നഷ്ടപ്പെട്ടുവെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍.