Kerala
രക്ഷാപ്രവര്‍ത്തനത്തിന് ആളെ എത്തിക്കാം, സഹായം വാഗ്ദാനം ചെയ്ത് സ്റ്റാലിന്; രാഹുലും പ്രിയങ്കയും വയനാട്ടില്‍ എത്തും
ചെന്നൈ: വയനാട് ഉരുള്‍പൊട്ടലില്‍ കേരളത്തിന് എല്ലാ സഹായവും നല്‍കുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്. ദുരന്തത്തില്‍ മുഖ്യമന്ത്രി അനുശോചനം അറിയിച്ചു. ഈ പ്രതിസന്ധി ഘട്ടത്തില്‍ അയല്‍ സംസ്ഥാനമായ കേരളത്തിന് യന്ത്രസാമഗ്രികളും മാനവശേഷിയും ഉള്‍പ്പടെ ആവശ്യമായ എല്ലാ സഹായവും നല്‍കുമെന്ന് സ്റ്റാലിന് പറഞ്ഞു.
വയനാട്ടിലെ ഉരുള്‍പൊട്ടലില്‍ നിരവധി ആളുകള്‍ മരിക്കാനിടയായത് വേദനാജനകമാണ്. പ്രദേശത്ത് ഇപ്പോഴും അനവധി ആളുകള്‍ കുടുങ്ങി കിടക്കുന്നതായാണ് വിവരം. ത്വരിതഗതിയിലുള്ള രക്ഷാപ്രവര്‍ത്തനത്തിലൂടെ ഇവരെയെല്ലാം രക്ഷപ്പെടുത്താനാവുമെന്ന് തനിക്ക് ഉറപ്പുണ്ടെന്നും സ്റ്റാലിന് പറഞ്ഞു.
വയനാട്ടിലെ ഉരുള്‍പൊട്ടലുണ്ടായ പ്രദേശത്ത് കോണ്‍ഗ്രസ് നേതാവും ലോക്സഭാ പ്രതിപക്ഷ നേതാവുമായ രാഹുല്‍ ഗാന്ധിയും, പ്രിയങ്ക ഗാന്ധിയും സന്ദര്‍ശിക്കും. പരാമാവധി ആളുകളുടെ ജീവന് രക്ഷിക്കാന്‍ എല്ലാവരും ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്നും രാഹുലും പ്രിയങ്കയും ഉള്‍പ്പടെയുള്ളവര്‍ ദുരന്തഭൂമി സന്ദര്‍ശിക്കുമെന്നും എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ പറഞ്ഞു. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് പ്രതിരോധമന്ത്രി രാജ്നാഥ് സിങ പൂര്‍ണ സഹകരണം ഉറപ്പുനല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വയനാട്ടിലെ ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ രണ്ട് ലക്ഷം രൂപയും പരുക്കേറ്റവര്‍ക്ക് 50,000 രൂപയും പ്രഖ്യാപിച്ചു. അപകടത്തെ തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയനുമായി ഫോണില്‍ സംസാരിച്ച് എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തിട്ടുണ്ട്.
ഇന്നു പുലര്‍ച്ചെയുണ്ടായ ഉരുള്‍പൊട്ടലില്‍ ഇതുവരെ 51 പേരുടെ മരണം സ്ഥിരീകരിച്ചു.എഴുപതോളം പേര് രണ്ട് ആശുപത്രികളിലുമായി ചികിത്സയിലാണ്. വന്‍ ഉരുള്‍പൊട്ടലുണ്ടായ മുണ്ടകൈയില്‍ ഇതുവരെ രക്ഷാപ്രവര്‍ത്തകര്‍ക്ക് കടക്കാനായിട്ടില്ല. മുണ്ടകൈയില്‍ വന്‍ നാശനഷ്ടമുണ്ടായെന്നാണ് വിവരം. അവിടുത്തെ വിവരങ്ങള്‍ കൂടി പുറത്തുവരുമ്പോള്‍ മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത. അതിനിടെ രക്ഷാപ്രവര്‍ത്തനത്തിന് എയര്‍ ലിഫ്റ്റിങ് സാധ്യത പരിശോധിക്കാനെത്തിയ 2 ഹെലികോപ്റ്ററുകള്‍ കാലാവസ്ഥ പ്രതികൂലമായതോടെ വയനാട്ടില്‍ ഇറങ്ങാനാകാതെ തിരിച്ചുപോയി. നിലവില്‍ പുഴയ്ക്ക് കുറുകെ വടംകെട്ടി എന്‍ഡിആര്‍എഫ് സംഘങ്ങള്‍ അക്കരെ മുണ്ടക്കൈ ഭാഗത്തേക്ക് കടക്കാനുള്ള സാഹസിക ശ്രമത്തിലാണ്.