India

മലയാളത്തിന്‍റെ പ്രിയനായിക, പ്രിയങ്കയ്ക്ക് ഒത്ത എതിരാളി; വയനാട്ടിൽ ബിജെപിക്കായി ഖുശ്ബു എത്തണമെന്ന് ആവശ്യം

ചെന്നൈ: വയനാട് ഉപതെരഞ്ഞെടുപ്പിൽ ഖുശ്ബുവിനെ ബിജെപി സ്ഥാനാർഥി ആക്കണമെന്ന് തമിഴ്നാട്ടിലെ സാമൂഹിക മാധ്യമങ്ങളിൽ ആവശ്യം. കെ അണ്ണാമലൈ അടക്കം നേതാക്കൾ പിന്തുടരുന്ന ചില ബിജെപി അനുകൂല ഹാൻഡിലുകളിൽ ആണ് പ്രചാരണം തുടങ്ങിയിട്ടുള്ളത്. മലയാളവും തമിഴും സംസാരിക്കാൻ കഴിയുന്ന ഖുശ്ബു വയനാട്ടിൽ ശക്തയായ സ്ഥാനാര്‍ത്ഥിയാകുമെന്നും പ്രിയങ്കയ്ക്ക് ഒത്ത എതിരാളിയാകുമെന്നാണ് ബിജെപി അനുകൂല അക്കൗണ്ടുകളിൽ വരുന്ന പോസ്റ്റുകൾ.

അതേസമയം, കന്നി മത്സരത്തിനായി കേരളത്തിലേക്ക് പ്രിയങ്ക എത്തുന്നതിന്‍റെ ആവേശത്തിലാണ് കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടി. രാഹുല്‍ ഗാന്ധി മണ്ഡലം ഒഴിഞ്ഞെന്ന പരിഭവമില്ലാതെ വീണ്ടുമൊരു തെരഞ്ഞെടുപ്പ് പ്രചാരണത്തിലേക്ക് ഇറങ്ങാനുള്ള തയാറെടുപ്പിലാണ് കോൺഗ്രസ് നേതൃത്വം. രാഹുല്‍ ഗാന്ധി വയനാട്ടില്‍ അപ്രതീക്ഷിത സ്ഥാനാര്‍ഥിയായിരുന്നെങ്കില്‍ പ്രിയങ്ക ഗാന്ധി കോണ്‍ഗ്രസുകാര്‍ ആഗ്രഹിച്ച സ്ഥാനാര്‍ഥിയാണ്. രാഹുല്‍ ഒഴിഞ്ഞാല്‍ പ്രിയങ്ക വരണമെന്നാണ് ലീഗ് നേതൃത്വം ഉള്‍പ്പെടെ എഐസിസിയോട് ആവശ്യപ്പെട്ടത്.

സംസ്ഥാനത്ത് യുഡിഎഫിന്‍റെ ഏറ്റവും വലിയ കോട്ടയായ വയനാട് ലോക്സഭ മണ്ഡലത്തിലേക്ക് ആശങ്കയൊന്നുമില്ലാതെയാണ് പ്രിയങ്ക എത്തുന്നത്. ഇന്ത്യാമുന്നണിയെ സംബന്ധിച്ചയിടത്തോളം വടക്ക് രാഹുലും തെക്ക് പ്രിയങ്കയുമെന്ന രാഷ്ട്രീയ സമവാക്യം ആവേശം കൊള്ളിക്കുന്നതാണ്. തൃശ്ശൂരിലെ തോല്‍വിയിലുണ്ടായ നിറംമങ്ങല്‍ വയനാട്ടിലെ ഉപതെരഞ്ഞെടുപ്പിലൂടെ ജ്വലിപ്പിക്കാനാകുമെന്നാണ് പാര്‍ട്ടി പ്രതീക്ഷ. ഭൂരിപക്ഷം നാലുലക്ഷം കടക്കുമെന്നാണ് പാര്‍ട്ടി നേതൃത്വം ഇപ്പോഴേ പറയുന്നത്.

അമേഠി തിരിച്ചുപിടിച്ചും റായ്ബറേലി നിലനിര്‍ത്തിയും വയനാട്ടില്‍ പ്രിയങ്കയെ മത്സരിപ്പിച്ചും പഴയ പ്രതാപത്തിലേക്ക് കോണ്‍ഗ്രസ് എത്തുന്നുവെന്ന ആവേശത്തിലാണ് അണികള്‍. നെഹ്റു കുടുംബം കേരളത്തെ ചേര്‍ത്തുപിടിക്കുന്നുവെന്ന വൈകാരികതയും പ്രവര്‍ത്തകര്‍ക്കിടയിലുണ്ട്. വയനാട് രാഹുല്‍ ഒഴിഞ്ഞതില്‍ കടുത്ത വിമര്‍ശനം എതിര്‍പാര്‍ട്ടികള്‍ക്കുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top