Kerala

വയനാട്ടിൽ മത്സരം 3 വനിതകൾ തമ്മിലാകുമോ? പ്രിയങ്കയെ നേരിടാൻ വനിത സ്ഥാനാർത്ഥികളെ ഇറക്കാൻ എൽഡിഎഫ്-ബിജെപി

Posted on

വയനാട്: സ്റ്റാര്‍ മണ്ഡലമായ വയനാട്ടില്‍ പ്രധാന മത്സരം മൂന്ന് വനിതകള്‍ തമ്മിലാകുമോ എന്ന് ഉറ്റുനോക്കി രാഷ്ട്രീയ കേരളം. പ്രിയങ്ക ഗാന്ധിയെ നേരിടാന്‍ എല്‍ഡിഎഫ്, ഇ എസ് ബിജി മോളെയും, ബിജെപി ശോഭ സുരേന്ദ്രനെയും പരിഗണിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. പ്രിയങ്കയ്ക്ക് റെക്കോര്‍ഡ് ഭൂരിപക്ഷം കോണ്‍ഗ്രസ് അവകാശപ്പെടുമ്പോള്‍ ഉപതെരഞ്ഞെടുപ്പ് അടിച്ചേല്‍പ്പിച്ചവരോട് ജനം കണക്ക് ചോദിക്കുമെന്നാണ് ഇടത് മുന്നണിയും ബിജെപിയും നല്‍കുന്ന മറുപടി.

രാഹുലൊഴിഞ്ഞ വയനാട്ടില്‍ പ്രിയങ്ക കന്നിയങ്കം കുറിക്കുമ്പോള്‍ ആരെല്ലാമാകും എതിരാളികള്‍. അമേതി നിലനിര്‍ത്താനും വയനാട് കൈവിടാനുമുള്ള പ്രഖ്യാപനത്തിനൊപ്പം വയനാട്ടില്‍ പ്രിയങ്കയുടെ സ്ഥാനാര്‍ത്ഥിത്വം കൂടി രാഹുല്‍ പ്രഖ്യാപിച്ചത് മുതല്‍ ഈ ചര്‍ച്ചയുണ്ടെങ്കിലും എല്‍ഡിഎഫും എന്‍ഡിഎയും മനസ് തുറന്നിരുന്നില്ല. ഏത് നിമിഷവും തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാമെന്ന ഘട്ടമായതോടെ ചര്‍ച്ചകള്‍ വീണ്ടും ചൂട് പിടിക്കുകയാണ്.  കോണ്‍ഗ്രസിന്‍റെ പൊന്നാപുരം കോട്ടയായ വയനാട്ടില്‍ ആരെ ഇറക്കിയാലും അത്ഭുതങ്ങള്‍ക്ക് വകയില്ലെന്നതിനാല്‍ സിപിഐയിലെയും ബിജെപിയിലെയും ഒന്നാം നിര നേതാക്കള്‍ക്ക് വയനാട്ടിലെ മല്‍സരത്തോട് താല്‍പര്യം ഇല്ലെന്നതാണ് യാഥാര്‍ത്ഥ്യം. പക്ഷേ, രാജ്യശ്രദ്ധ നേടുന്ന മല്‍സരമായതിനാല്‍ മോശമാക്കാനുമാകില്ല. കഴിഞ്ഞ വട്ടം ആനി രാജയെ മത്സരിപ്പിച്ച സിപിഐ ഇക്കുറി പീരുമേട് മുന്‍ എംഎല്‍എ ഇഎസ് ബിജിമോളുടെ പേരും സജീവമായി പരിഗണിക്കുന്നുണ്ട്. വയനാട്ടില്‍ നിന്നുള്ള സിപിഐ നേതൃത്വവും ബിജി മോളുടെ പേരാണ് നിര്‍ദ്ദേശിച്ചിട്ടുള്ളതെങ്കിലും ബിജിമോള്‍ സമ്മതം അറിയിച്ചിട്ടില്ലെന്നാണ് വിവരം.

നിലവില്‍ ആലപ്പുഴ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ശോഭ സുരേന്ദ്രന് പാലക്കാടും നോട്ടമുണ്ടെങ്കിലും പ്രിയങ്കയ്ക്കെതിരെ ശോഭയെ രംഗത്തിറക്കാനുളള സാധ്യത ഏറെയെന്നാണ് ബിജെപി ക്യാംപില്‍ നിന്നുളള വിവരം. എതിരാളികള്‍ ആരായാലും അഞ്ച് ലക്ഷം വോട്ടിന്‍റെ ഭൂരിപക്ഷത്തില്‍ പ്രിയങ്ക വിജയിക്കുമെന്ന ആത്മവിശ്വാസത്തിലാണ് കോണ്‍ഗ്രസ് നേതൃത്വം.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version