തിരുവനന്തപുരം: മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടലിൽ പുനരധിവാസം സംബന്ധിച്ച് പ്രതിപക്ഷവുമായി ചർച്ച നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതിപക്ഷ നേതാവും ഉപനേതാവുമായി കഴിയുമെങ്കിൽ നാളെ തന്നെ ചർച്ച നടത്തുമെന്നും അദ്ദേഹം നിയമസഭയിൽ പറഞ്ഞു.
സമഗ്രവും സർവ്വതല സ്പർശിയുമായ പുനരധിവാസമാണ് സർക്കാർ വിഭാവനം ചെയ്യുന്നത്. പുനരുദ്ധാരണ പാക്കേജും ജീവിതോപാധിയും ഉറപ്പാക്കും. ഭാവിയിൽ രണ്ടാം നില കൂടി പണിയാവുന്ന രീതിയിൽ ആയിരം സ്ക്വയർ ഫീറ്റിൽ ഒരുനില വീടുകളാണ് ഇപ്പോൾ പണിയുന്നത്. രണ്ട് ടൗൺഷിപ്പുകളിലായി ആയിരം വീടുകൾ പണിയും. മേൽനോട്ടത്തിന് ഉന്നതാധികാര സമിതി ഉണ്ടാകും. ആർക്കെങ്കിലും സഹായം ലഭിക്കാതെ പോയാൽ അതിൽ പരിശോധനകൾ നടത്താൻ സംവിധാനം ഉണ്ട്.
അത് ഹൈക്കോടതി തന്നെ നിരീക്ഷിക്കുന്നുണ്ട്. പ്രതിപക്ഷം ചില കേന്ദ്രങ്ങളിൽ നിന്നുള്ള വിമർശനങ്ങൾ ഏറ്റുപിടിച്ചില്ല. അത് സ്വാഗതാർഹമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. എല്ലാം നഷ്ടമായവരെ പുതുജീവിതത്തിലേക്ക് കൊണ്ടുവരികയാണ് സർക്കാർ ലക്ഷ്യം. അതിന് സമയമെടുക്കും. പ്രതിപക്ഷ സഹകരണം വേണമെന്നും മുഖ്യമന്ത്രി അഭ്യർത്ഥിച്ചു.