തിരുവനന്തപുരം: ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്റെ ആഘാതത്തില്‍ നിന്നും വയനാട്ടിലെ മുണ്ടക്കൈ, ചൂരല്‍മല ഇനിയും മുക്തമായിട്ടില്ലെന്ന് ടി സിദ്ദിഖ് എംഎല്‍എ. 2024 ജൂലൈ 30 ന് പുലര്‍ച്ചെയാണ് ഇന്ത്യ രാജ്യം കണ്ട ഏറ്റവും വലിയ പ്രകൃതി ദുരന്തം മേപ്പാടി പഞ്ചായത്തിലെ മുണ്ടക്കൈ, ചൂരല്‍മല പ്രദേശത്തെ ബാധിച്ചത്. വയനാട് ദുരന്തം നടന്നിട്ട് 76 ദിവസമായി. തുടക്കത്തിലുള്ള ആവേശം പുനരധിവാസത്തില്‍ കാണുന്നില്ലെന്ന് അടിയന്തര പ്രമേയം അവതരിപ്പിച്ച് കോണ്‍ഗ്രസിലെ ടി സിദ്ദിഖ് പറഞ്ഞു.
ഈ പ്രദേശത്തെ ദുരന്ത ബാധിതര്‍ പ്രയാസത്തിലാണെന്ന് ടി സിദ്ദിഖ് ചൂണ്ടിക്കാട്ടി. ദുരന്ത ബാധിതര്‍ക്ക് ഇപ്പോഴും പ്രയാസവും വേദനയുമാണ്. പരിക്കേറ്റ പലരും ചികിത്സയ്ക്ക് പണമില്ലാതെ വിഷമിക്കുകയാണ്. 2019 ല്‍ പുത്തുമല ദുരന്തത്തില്‍ ഗുരുതരമായി പരുക്കേറ്റ ഷൗക്കത്ത് എന്ന വ്യക്തി ചികിത്സക്ക് പണമില്ലാതെ, സര്‍ജറിക്ക് പണമില്ലാതെ വിഷമിക്കുകയാണ്. ഈ സാഹചര്യം വയനാട്ടിലെ മുണ്ടക്കൈ, ചൂരല്‍മല ദുരന്തത്തിന് ഇരയായവര്‍ക്ക് ഉണ്ടാകരുതെന്നാണ് സര്‍ക്കാരിനോട് പറയാനുള്ളത്.
പുനരധിവാസം എന്നത് ഒരു കോണ്‍ക്രീറ്റ് ഭവനം എന്നതിലുപരി, അവരുടെ ആരോഗ്യ, വിദ്യാഭ്യാസ, സാമൂഹ്യ, സാംസ്‌കാരിക പുരോഗതി തുടങ്ങിയ സമഗ്രതല സ്പര്‍ശിയായ വികാസമാണ് ഉണ്ടാകേണ്ടത്. അത്തരത്തിലുള്ള പ്രവര്‍ത്തനത്തിനായി വലിയ ഏകോപനം ഉണ്ടാകേണ്ടതാണ്. 200 മി.മി മഴപെയ്താല്‍ മണ്ണിടിച്ചില്‍ ഉണ്ടാകുന്ന മേഖലയായി അവിടെ മാറുമെന്ന് ടി സിദ്ദിഖ് പറഞ്ഞു. ദുരന്തത്തിന്റെ പ്രഭവ കേന്ദ്രമായ പുഞ്ചിരിമട്ടം ജിഎസ്‌ഐ റിപ്പോര്‍ട്ട് പ്രകാരം, ഉരുള്‍പൊട്ടലിന് ഏറ്റവും സാധ്യതയുള്ള പ്രദേശമാണ്. 2019 ല്‍ പുത്തുമല ഉരുള്‍പൊട്ടല്‍, 2020 ല്‍ ഇതേ സ്ഥലത്ത് ഉരുള്‍പൊട്ടി, മുമ്പ് ഉരുള്‍പൊട്ടലുണ്ടായ കവളപ്പാറയും ഇതിനു സമീപത്താണ്.
ഇത്രയും ഗുരുതരമായ സാഹചര്യം ഈ സ്ഥലത്തുണ്ടായിട്ടും മഴയെ അളക്കാന്‍, അതിനു വേണ്ട ക്രമീകരണങ്ങള്‍ ഒരുക്കാന്‍ നമുക്ക് കഴിയാതെ പോയതാണ് ഈ വലിയ ദുരന്തത്തിന്റെ ഏറ്റവും വേദനിപ്പിക്കുന്ന കാര്യമെന്ന് ചൂണ്ടിക്കാട്ടുകയാണ്. ദുരന്ത പ്രദേശത്ത് പ്രധാനമന്ത്രി വന്നപ്പോള്‍ ആശ്വാസം തോന്നി. ഒന്നര മണിക്കൂർ കൂടുതല്‍ സമയമെടുത്ത് പ്രധാനമന്ത്രി എല്ലായിടവും സന്ദര്‍ശിച്ചു. എന്നാല്‍ 229 കോടി അടിയന്തര സഹായം ആവശ്യപ്പെട്ടതില്‍ നയാപൈസ അനുവദിച്ചില്ല. ഇന്ത്യന്‍ പ്രധാനമന്ത്രി വന്നത് ഫോട്ടോ ഷൂട്ടിനാണോ എന്ന് വയനാട്ടിലെ ദുരന്തബാധിതര്‍ ചോദിക്കുന്നുവെന്ന് ടി സിദ്ദിഖ് പറഞ്ഞു.