വയനാട്: ഉരുള്‍പൊട്ടല്‍ ദുരന്തബാധിതർക്ക് പ്രഖ്യാപിച്ചിരുന്ന 300 രൂപ സഹായം കഴിഞ്ഞ നാലുമാസമായി മുടങ്ങിയിരിക്കുകയാണ്. സഹായം നീട്ടുന്നതുമായി ബന്ധപ്പെട്ട ഉത്തരവ് സർക്കാർ പുറത്തിറക്കിയിരുന്നെങ്കിലും ധനസഹായം വിതരണം ചെയ്തില്ല.

വിഷയം പ്രതിപക്ഷ നേതാവ് നിയമസഭയില്‍ ഉന്നയിച്ചപ്പോള്‍ അതിതീവ്ര ദുരന്തമായി പ്രഖ്യാപിച്ചാല്‍ മാത്രമേ തുക നീട്ടാൻ കഴിയൂ എന്നായിരുന്നു റവന്യൂ മന്ത്രിയുടെ മറുപടി.
ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ അകപ്പെട്ട കുടുംബത്തിലെ പ്രായപൂർത്തിയായ രണ്ടുപേർക്ക് ജീവനോപാധി നഷ്ടമായതിനാല്‍ ദിവസം 300 രൂപ സഹായമാണ് നല്‍കിയിരുന്നത്. ആദ്യം മൂന്നുമാസം നല്‍കിയ സഹായം തുടർന്നും നല്‍കണമെന്ന ആവശ്യം ശക്തമായതോടെ 9 മാസത്തേക്ക് നീട്ടാൻ തീരുമാനമായി. ഇത് സംബന്ധിച്ച ഉത്തരവും പുറത്തിറങ്ങി. എന്നാല്‍ ധനസഹായം മുടങ്ങിയ വിവരം സഭയില്‍ പ്രതിപക്ഷ നേതാവ് ഉന്നയിച്ചു. ഇത്തരമൊരു ദുരന്തം ഉണ്ടായാല്‍ മൂന്നുമാസത്തേക്ക് പണം നല്‍കാനുള്ള അധികാരം നിയമപ്രകാരം കെഎസ്‌ഡിഎംഎയ്ക്ക് ഉണ്ടെന്നും അതിതീവ്ര ദുരന്തമായി പ്രഖ്യാപിച്ചാല്‍ മാത്രമേ തുക നീട്ടാൻ കഴിയൂ എന്നുമായിരുന്നു കെ രാജന്റെ മറുപടി.

