തിരുവനന്തപുരം: രാഹുൽ ഗാന്ധി ഇക്കുറി വയനാട്ടിൽ മത്സരിച്ചേക്കില്ലെന്ന് സൂചന. സിപിഐ ദേശീയ നേതാവും ദേശീയ ജനറൽ സെക്രട്ടറി ഡി രാജയുടെ ഭാര്യയുമായ ആനി രാജയെ സിപിഐ വയനാട്ടിൽ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചതോടെ കോൺഗ്രസ് ദേശീയ നേതൃത്വം സമ്മർദ്ദത്തിലായിരിക്കുകയാണ്. ഇന്ത്യ മുന്നണിയിലെ പ്രധാനപ്പെട്ട മുഖങ്ങളിലൊന്നാണ് ഡി രാജ. ആനി രാജയും രാഹുൽ ഗാന്ധിയും തമ്മിൽ മത്സരിക്കുന്നത് ബിജെപിക്ക് ഒരു പ്രചരണായുധമാകുമെന്ന് കോൺഗ്രസ് ഭയക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ രാഹുൽ ഗാന്ധിക്ക് കർണാടകയിലോ തെലങ്കാനയിലോ ഒരു സുരക്ഷിത മണ്ഡലം കണ്ടെത്താനാണ് കോൺഗ്രസ് ശ്രമം.
പരമ്പരാഗതമായി മത്സരിച്ചുപോരുന്ന അമേഠിയെക്കൂടാതെ ദക്ഷിണേന്ത്യയിലെ ഒരു മണ്ഡലത്തിൽ കൂടി രാഹുൽ ഗാന്ധി മത്സരിക്കണമെന്നാണ് കോൺഗ്രസ് ഹൈക്കമാൻഡ് ആലോചിക്കുന്നത്. എന്നാൽ ഇക്കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ല. രാഹുൽ ബി.ജെ.പി.യുമായി നേരിട്ടുള്ള മത്സരംനടത്തി വർഗീയവിരുദ്ധ പോരാട്ടത്തിന്റെ സന്ദേശംനൽകണമെന്ന അഭിപ്രായവും നേതൃത്വം കണക്കിലെടുക്കുന്നു. കർണാടക, തെലങ്കാന പി.സി.സി.കൾ രാഹുലിനായി സുരക്ഷിതമണ്ഡലങ്ങൾ ഉറപ്പുനൽകുന്നുമുണ്ട്. ഈ സാഹചര്യം കണക്കിലെടുത്താണ് വയനാട് ഒഴിവാക്കാനുള്ള ആലോചന നേതൃത്വം പരിഗണിക്കുന്നത്.
കെ.സി. വേണുഗോപാൽ ആലപ്പുഴയിൽനിന്ന് വീണ്ടും മത്സരിക്കാനുള്ള സാധ്യതയേറി. രാഹുൽ വയനാട്ടിൽ മത്സരിക്കുമോയെന്ന ചോദ്യത്തിനുള്ള ഉത്തരത്തിൽനിന്നേ വേണുഗോപാൽ ആലപ്പുഴയിൽ നിൽക്കുമൊയെന്ന കാര്യത്തിലേക്കെത്താനാകൂ. സാമുദായിക സന്തുലനം ഉറപ്പാക്കിയാൽ ആലപ്പുഴയിൽ മത്സരിക്കുന്ന കാര്യം അവിടെനിന്നുള്ള മുൻ എം.പി.യായ വേണുഗോപാലിന്റെ പരിഗണനയിലുണ്ട്.
നിലവിൽ കോൺഗ്രസ് സ്ഥാനാർഥിപ്പട്ടികയിൽ മുസ്‌ലിം വിഭാഗത്തിൽനിന്ന് ആരുമില്ല. കഴിഞ്ഞപ്രാവശ്യം ആലപ്പുഴയിൽ ഷാനിമോൾ ഉസ്മാനായിരുന്നു കോൺഗ്രസ് സ്ഥാനാർഥി. രാഹുൽഗാന്ധി വയനാട്ടിൽ മത്സരിക്കുന്നില്ലെങ്കിൽ അവിടെ മുസ്‌ലിം വിഭാഗത്തിൽനിന്നുള്ളയാളിന് സീറ്റ് നൽകി ആലപ്പുഴയിൽ വേണുഗോപാൽ മത്സരിച്ചേക്കും. രാഹുൽ വയനാട്ടിൽത്തന്നെ മത്സരിക്കാൻ തീരുമാനിച്ചാൽ ആലപ്പുഴയിൽ മുസ്‌ലിം സ്ഥാനാർഥി വരും. അല്ലെങ്കിൽ ഏതെങ്കിലും സിറ്റിങ് എം.പിയെ മാറ്റേണ്ടിവരും. നേരത്തേ കണ്ണൂരിൽ കെ. സുധാകരൻ മത്സരിക്കുന്നില്ലെങ്കിൽ അവിടെ മുസ്‌ലിം പരിഗണനകൂടി കണക്കിലെടുത്ത് സ്ഥാനാർഥിയെ നിശ്ചയിക്കാൻ ആലോചിച്ചിരുന്നു. എന്നാൽ, സുധാകരൻ വീണ്ടും മത്സരിക്കാൻ ഹൈക്കമാൻഡ് നിർദേശിച്ചതോടെ ഈവഴിയുള്ള ചർച്ചയടഞ്ഞു.
ലോക്സഭയിലേക്കുള്ള മൂന്നാംസീറ്റിനുപകരം മുസ്‌ലിം ലീഗിന് നൽകുന്ന രാജ്യസഭാസീറ്റ് ജോസ് കെ. മാണിയുടെ സീറ്റ് ഒഴിവിലേക്കായിരിക്കും. ജൂലായിലാണ് ജോസ് കെ. മാണി, എളമരം കരീം, ബിനോയ് വിശ്വം എന്നിവരുടെ സീറ്റുകൾ ഒഴിയുന്നത്. ഇതിൽ പ്രതിപക്ഷത്തിന് ഒരുസീറ്റിൽ വിജയം ഉറപ്പാക്കാം. ഈ സീറ്റാകും മുസ്‌ലിം ലീഗിന് നൽകുകയെന്നാണ് ധാരണ.
അടുത്ത മൂന്നുവീതം ഒഴിവുകൾ വരുന്നത് 2027 ഏപ്രിലിലും 2028 ഏപ്രിലിലുമാണ്. 2027-ൽ വരുന്ന ഒഴിവിൽ ലീഗിന്റെ അബ്ദുൾ വഹാബ് ഒഴിയുന്ന സീറ്റ് കോൺഗ്രസിന് ലഭിക്കുമെന്നാണ് നിലവിലുള്ള ഒത്തുതീർപ്പ് ധാരണ.