Kerala
സിദ്ധാർത്ഥന്റെ മരണം രാഷ്ട്രീയ നേട്ടം കൊയ്യാനുള്ള ടൂളാക്കാമെന്ന ചിന്തയിലാണ് കോൺഗ്രസും ബിജെപിയും; ആർഷോ
പാലക്കാട്: സിദ്ധാർത്ഥന്റെ മരണത്തെ രാഷ്ട്രീയ നേട്ടം കൊയ്യാനുള്ള ടൂൾ ആക്കി മാറ്റാം എന്ന ചിന്തയിലാണ് കോൺഗ്രസും ബിജെപിയുമുള്ളതെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോ റിപ്പോർട്ടറിനോട്. എസ്എഫ്ഐയെ ഈ കേസിൽ പ്രതിസ്ഥാനത്തേക്ക് കൊണ്ടുവരാനുള്ള ചിലരുടെ ശ്രമങ്ങൾ തുടരുകയാണ്. ഇത്തരം ശ്രമങ്ങളെ എസ്എഫ്ഐ പ്രതിരോധിക്കും. നാല് എസ്എഫ്ഐ പ്രവർത്തകർ കേസിൽ ഉൾപ്പെട്ടത് നിഷേധിക്കുന്നില്ല. അവരെയെല്ലാം സംഘടന പുറത്താക്കിയിട്ടുണ്ടെന്നും ആർഷോ പറഞ്ഞു.
കേരളത്തിലെ ഒരു ക്യാമ്പസിലും എസ്എഫ്ഐ ആരെയും കൊലപ്പെടുത്തിയിട്ടില്ല. പകരം എസ്എഫ്ഐക്ക് നഷ്ടമായത് 35 പ്രവർത്തകരെയാണ്. ആരെയും കൊലപ്പെടുത്തുന്നതല്ല എസ്എഫ്ഐയുടെ രാഷ്ട്രീയം. സിദ്ധാർത്ഥൻ്റെ കേസിൽ സമഗ്ര അന്വേഷണം നടക്കേണ്ടതുണ്ട്. ഫ്ലക്സ് ബോർഡിനെ കുറിച്ച് അറിവില്ല. എസ്എഫ്ഐ എവിടെയും സിദ്ധാർത്ഥനുമായുള്ള ബന്ധം പറഞ്ഞ് ബോർഡ് വെച്ചിട്ടില്ല. അത്തരത്തിലൊരു ബോർഡ് സ്ഥാപിക്കപ്പെട്ടിട്ടുണ്ടെങ്കിൽ അത് അനുചിതമാണെന്നും അദ്ദേഹം പറഞ്ഞു.
എസ്എഫ്ഐയുടെ സമരപരിപാടികളിലും സംഘടനാ പ്രവർത്തനത്തിലും ഭാഗമായിരുന്നു സിദ്ധാർത്ഥൻ. അതുമായി ബന്ധപ്പെട്ടുള്ള ദൃശ്യങ്ങളും തെളിവുകളുമാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. സിദ്ധാർത്ഥനെ എസ്എഫ്ഐ ആക്കികൊണ്ട് സംഭവത്തിൻ്റെ ഗൗരവം കുറയ്ക്കാൻ എസ്എഫ്ഐ ശ്രമിച്ചിട്ടില്ലെന്നും ആർഷോ കൂട്ടിച്ചേർത്തു.