Kerala

‘ക്യാംപ് അല്ല, വീട് വേണം; ദുരന്തം സംഭവിച്ചിട്ട് ഒരു മാസം കഴിഞ്ഞു’- സർക്കാരിനോട് ഹൈക്കോടതി

Posted on

കൽപ്പറ്റ: വയനാട് ഉരുൾപൊട്ടൽ ദുരന്തത്തെ തുടർന്നു ദുരിതാശ്വാസ ക്യാംപിൽ കഴിയുന്നവരെ ഒരാഴ്ചയ്ക്കുള്ളിൽ വീടുകളിലേക്ക് മാറ്റി താമസിപ്പിക്കണമെന്നു ഹൈക്കോടതി നിർദ്ദേശം. ദുരിത ബാധിതരുടെ ആശുപത്രി ബില്ലുകൾ സർക്കാർ നേരിട്ട് അടയ്ക്കണമെന്നും ജസ്റ്റിസ് എകെ ജയശങ്കർ നമ്പ്യാർ, ജസ്റ്റിസ് വിഎം ശ്യാംകുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻ ബഞ്ച് നിർദ്ദേശിച്ചു.

ദുരന്തമുണ്ടായി ഒരു മാസം കഴിഞ്ഞെന്നു ഓർമിപ്പിച്ച കോടതി ക്യംപിൽ കഴിയുന്നത് അത്ര സുഖകരമായ കാര്യമല്ലെന്നും ചൂണ്ടിക്കാട്ടി. ആരെങ്കിലും ക്യാംപിൽ നിന്നു മാറാൻ തയ്യാറാകുന്നില്ലെങ്കിൽ അതിനു കാരണങ്ങളുണ്ടാകും. അവ പരിശോധിക്കണമെന്നും കോടതി നിർദ്ദേശിച്ചു.

സഹായധനമായി നൽകിയ തുകയിൽ നിന്നു ബാങ്കുകൾ വായ്പാ വിഹിതം പിടിക്കുന്നുണ്ടെങ്കിൽ അക്കാര്യം കോടതിയെ അറിയിക്കണം. ഇങ്ങനെ തുക ഈടാക്കാതിരിക്കാൻ ബാങ്കുകൾക്ക് ഭരണഘടനാപരമായ ഉത്തരവാദിത്വമുണ്ട്. ഇതു ലംഘിക്കപ്പെട്ടതായി അറിയിച്ചാൽ ബാക്കി നടപടികൾ കോടതി സ്വീകരിക്കും. ഇക്കാര്യത്തിൽ ഹെൽപ് ഡെസ്ക് തുടങ്ങണമെന്നും കോടതി പറഞ്ഞു.

നിർദ്ദേശിക്കുന്ന വിഷയങ്ങളിൽ സർക്കാർ സമയബന്ധിതമായി റിപ്പോർട്ട് നൽകണം. ഇല്ലെങ്കിൽ ബന്ധപ്പെട്ട ഉദ്യോ​ഗസ്ഥർ ഓൺലൈൻ വഴി ഹാജരാകണം. മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികളുടെ കാര്യം എന്തായെന്നു അറിയിക്കണമെന്നും കോടതി നിർദ്ദേശിച്ചു. വിഷയത്തിൽ സ്വമേധയാ എടുത്ത കേസിലാണ് കോടതി നിർദ്ദേശങ്ങൾ.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version