കൊച്ചി: രാജ്യത്തെ ആദ്യ വാട്ടർ മെട്രോ യാത്ര ആരംഭിച്ചിട്ട് ഒരു വർഷം പിന്നിടുകയാണ്. രണ്ട് റൂട്ടുകളിൽ നിന്നും അഞ്ചു റൂട്ടുകളിലേക്ക് കൊച്ചി വാട്ടർ മെട്രോ വികസിച്ചു. ഒരു വർഷം പിന്നിടുമ്പോള്‍ കൊച്ചി വാട്ടർ മെട്രോയിൽ യാത്ര ചെയ്തവരുടെ എണ്ണം 20 ലക്ഷത്തോട് അടുക്കുന്നു. 19,72,247 ആളുകളാണ് ഇതുവരെ വാട്ടർ മെട്രോയിൽ യാത്ര ചെയ്തതെന്നാണ് കണക്ക്. ഇന്ന് 14 ബോട്ടുകൾ കൊച്ചി വാട്ടർ മെട്രോയ്ക്ക് സ്വന്തം.
20 രൂപ മുതൽ 40 രൂപ വരെയാണ് യാത്രാ നിരക്ക്. വിവിധ യാത്രാ പാസ് ഉപയോഗിച്ച് പത്തു രൂപ നിരക്കിൽ വരെ യാത്ര ചെയ്യാം. വാട്ടർ മെട്രോ വാർഷികത്തോട് അനുബന്ധിച്ച് നടത്തിയ ചടങ്ങിൽ നടി മിയ, മുരളി തുമ്മാരക്കുടി, എംകെ സാനു, കൊച്ചി മെട്രോ എം ഡി ലോക്നാഥ് ബഹ്റ എന്നിവർ പങ്കെടുത്തു. വാർഷികാഘോഷങ്ങളുടെ ഭാഗമായി വാട്ടർ മെട്രോ ടെർമിനലുകളിൽ സംഗീത പരിപാടികൾ വിവിധ ദിവസങ്ങളിൽ ഒരുക്കിയിട്ടുണ്ട്.