Kerala

തദ്ദേശ തെരഞ്ഞെടുപ്പ് : വോട്ടർ പട്ടികയിൽ പേരു ചേർക്കാനുള്ള അവസാന തീയതി ഇന്ന്

തിരുവനന്തപുരം: തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിന് മുന്നോടിയായി സംക്ഷിപ്ത വോട്ടര്‍ പട്ടിക പുതുക്കലിന്റെ ഭാഗമായി വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനും തിരുത്തലുകള്‍ക്കുമുള്ള അവസാന തീയതി ഇന്നാണ് (ജൂൺ 21). 2024 ജനുവരി ഒന്നിനോ അതിനുമുമ്പോ 18 വയസ്സ് തികഞ്ഞവർക്കാണ് അർഹത. ഉടൻ ഉപതിെരഞ്ഞെടുപ്പുനടക്കുന്ന 50 വാർഡുകൾ ഉൾപ്പെടെ മുഴുവൻ തദ്ദേശ സ്ഥാപനങ്ങളിലെയും പട്ടികയാണ് പുതുക്കുന്നത്.

തദ്ദേശവോട്ടർപട്ടികയുടെ കരട് sec.kerala.gov.in വെബ്സൈറ്റിലും അതത് തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലും വില്ലേജ്, താലൂക്ക് ഓഫീസുകളിലും പരിശോധിക്കാം. പേരുചേർക്കാനും തിരുത്താനും സ്ഥാനമാറ്റത്തിനും sec.kerala.gov.in എന്ന വെബ്സൈറ്റിൽ അപേക്ഷിക്കണം.

അപേക്ഷകര്‍ വോട്ടര്‍ പട്ടിയില്‍ പേര് ചേര്‍ക്കാന്‍ ഫോറം നമ്പര്‍ നാലിലും തിരുത്തലുകള്‍ക്ക് ഫോറം നമ്പര്‍ ആറിലും ഒരു വാര്‍ഡില്‍ നിന്നോ പോളിങ് സ്റ്റേഷനില്‍ നിന്നോ സ്ഥലമാറ്റത്തിന് ഫോറം നമ്പര്‍ ഏഴിലും sec.kerala.gov.in ലോഗിന്‍ ചെയ്ത് ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കണം. ഓണ്‍ലൈന്‍ അപേക്ഷ നല്‍കുമ്പോള്‍ തന്നെ അപേക്ഷകന് ഹിയറിങ് നോട്ടീസ് ലഭിക്കും.

അക്ഷയ കേന്ദ്രം, അംഗീകൃത ജനസേവന കേന്ദ്രങ്ങള്‍ മുഖേന അപേക്ഷ നല്‍കാം. വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെട്ടവരില്‍ ആക്ഷേപമുള്ള പരാതികള്‍ സംബന്ധിച്ച് ഫോറം നമ്പര്‍ അഞ്ചില്‍ ഓണ്‍ലൈനായി ആക്ഷേപങ്ങള്‍ രജിസ്റ്റര്‍ ചെയ്യണം. രജിസ്റ്റര്‍ ചെയ്ത പ്രിന്റ്ഔട്ടില്‍ ഒപ്പ് വെച്ച് നേരിട്ടോ, തപാല്‍ മുഖേനയോ ബന്ധപ്പെട്ട ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍ക്ക് (നഗരസഭാ-ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാര്‍) ലഭ്യമാക്കണം.

ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ഇല്ലാതെ ഫോറം നമ്പര്‍ അഞ്ചില്‍ ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍ക്ക് നേരിട്ടോ, തപാല്‍ മാര്‍ഗമോ ലഭിക്കുന്ന ആക്ഷേപങ്ങള്‍ സ്വീകരിച്ച് ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസിലെ യൂസര്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യും. രജിസ്‌ട്രേഷന്‍ നടത്താതെ ഫോറം അഞ്ചില്‍ ലഭിക്കുന്ന ആക്ഷേപങ്ങള്‍ക്ക് ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍ ആക്ഷേപകനും ആക്ഷേപമുള്ളയാള്‍ക്കും തിയതി രേഖപ്പെടുത്തി ഹയറിങ് നോട്ടീസ് നല്‍കും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top