Kerala
8 വർഷമായി മായാതെ ചൂണ്ടു വിരലിലെ മഷി അടയാളം! വോട്ട് ചെയ്യാനാകാതെ 62കാരി
പാലക്കാട്: 2016ലെ നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് ചൂണ്ടു വിരലിൽ പതിച്ച മഷി ഇതുവരെ മായാത്തതിനാൽ നാളെ ലോക്സഭാ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ സാധിക്കുമോ എന്ന ആശങ്കയിൽ 62കാരി. കുളപ്പുള്ളി ഗുരുവായൂരപ്പൻ നഗർ പൂളക്കുന്നത് വീട്ടിൽ ഉഷയുടെ കൈവിരലിലെ നഖത്തിനു മുകളിലാണ് ഇപ്പോഴും കറുത്ത വര മായാതെ നിൽക്കുന്നത്.
കുളപ്പുള്ളി എയുപി സ്കൂളിലാണ് 2016ൽ ഉഷ വോട്ട് ചെയ്തത്. അന്നു പതിപ്പിച്ച മഷി പിന്നീട് മാഞ്ഞില്ല. തുടർന്നു നടന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ പോയപ്പോൾ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ എതിർത്തു. കാര്യം പറഞ്ഞിട്ടും വിശ്വാസമായില്ല. പിന്നീട് ഉഷയെ അറിയുന്ന രാഷ്ട്രീയ പാർട്ടി ഏജന്റുമാർ തർക്കമില്ലെന്നു അറിയിച്ചതോടെയാണ് അന്ന് വോട്ട് ചെയ്യാൻ കഴിഞ്ഞത്.
അടയാളം മായ്ക്കാൻ സോപ്പും ചില ലയനികളുമെല്ലാം ഉപയോഗിച്ചെങ്കിലും മാഞ്ഞില്ല. ബൂത്തിൽ ചെന്നാൽ തർക്കിക്കേണ്ടി വരുമെന്നു ഭയന്ന് 2019ലെ ലോകസ്ഭാ, 2021ലെ നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ഉഷ വോട്ട് ചെയ്തില്ല.
കഴിഞ്ഞ ദിവസം ഇക്കാര്യ തെരഞ്ഞെടുപ്പ് വിഭാഗത്തെ അറിയിച്ചപ്പോൾ പരിശോധിക്കാമെന്ന മറുപടിയാണ് കിട്ടിയതെന്നു ഉഷ പറയുന്നു. ഇങ്ങനെ മഷി മായാതെ നിൽക്കുന്ന സംഭവം ഇല്ല എന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. ചർമ രോഗ വിദഗ്ധരും ഇക്കാര്യം സ്ഥിരീകരിക്കുന്നു.
ചിലർക്ക് നഖത്തിനുള്ളിൽ ഇതുപോലെ കറുത്ത വര കാണാറുണ്ടെന്നു ഡോക്ടർമാർ പറയുന്നു. പരിശോധിച്ചാൽ മാത്രമേ എന്താണെന്നു വ്യക്തമാകു എന്നും അവർ വ്യക്തമാക്കി.