കോഴിക്കോട്: മെഡിക്കല്‍ കോളജ് പരിസരത്ത് ആദിവാസി യുവാവ് വിശ്വനാഥന്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചതില്‍ ക്രൈംബ്രാഞ്ച് അന്വേഷണം അവസാനിപ്പിച്ചതിനെതിരെ കുടുംബം. വിശ്വനാഥന് ആത്മഹത്യ ചെയ്യേണ്ട സാഹചര്യം ഇല്ലെന്ന് സഹോദരന്‍ വിനോദ് പറഞ്ഞു. ക്രൈം ബ്രാഞ്ചിന്റെ വിശദ റിപ്പോര്‍ട്ട് കിട്ടിയ ശേഷം തുടര്‍നടപടിയിലേക്ക്‌നീങ്ങാനാണ് ആക്ഷന്‍ കൗണ്‍സിലിന്റെ തീരുമാനം.
ആള്‍ക്കൂട്ടവിചാരണയെ തുടര്‍ന്നല്ല വിശ്വനാഥന്റെ മരണമെന്നാണ് ഇന്നലെ കോഴിക്കോട് ജില്ലാ കോടതിയില്‍ ക്രൈം ബ്രാഞ്ച് നല്‍കിയ റിപ്പോര്‍ട്ട്. വ്യക്തിപരമായ കാരണങ്ങളാണ് വിശ്വനാഥന്‍ ജീവനൊടുക്കാന്‍ കാരണമെന്നാണ് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടിലുള്ളത്.2023 ഫെബ്രുവരി 11നാണ് വിശ്വനാഥനെ മെഡിക്കല്‍ കോളജ് കോമ്പൗണ്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുന്നത്. വിശ്വനാഥന്‍ ആള്‍ക്കൂട്ട വിചാരണ നേരിട്ടതിനെ തുടര്‍ന്നുള്ള മനോവിഷമത്തെ തുടര്‍ന്നാണ് ജീവനൊടുക്കിയതെന്നായിരുന്നു കുടുംബത്തിന്റെ ആരോപണം. ആദ്യം കേസ് അന്വേഷിച്ചത് ലോക്കല്‍ പൊലീസാണ്. എന്നാല്‍ അന്വേഷണം തൃപ്തികരമല്ലെന്ന് കുടുംബം ആരോപിക്കുകയായിരുന്നു. തുടര്‍ന്നാണ് അന്വേഷണം ക്രൈം ബ്രാഞ്ച് ഏറ്റെടുക്കുന്നത്.
തുടര്‍ന്നുള്ള അന്വേഷണത്തില്‍ ആള്‍ക്കൂട്ട വിചാരണ നടന്നതിന് തെളിവുകള്‍ കണ്ടെത്താനായില്ലെന്ന് ചൂണ്ടിക്കാട്ടി ക്രൈംബ്രാഞ്ച് അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയായിരുന്നു. നിരവധി സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇത്തരത്തിലൊരു നിഗമനത്തിലേക്ക് ക്രൈംബ്രാഞ്ച് എത്തിയത്. ഫെബ്രുവരി 10നാണ് ഭാര്യയുടെ പ്രസവത്തിനായി വിശ്വനാഥന്‍ ആശുപത്രിയില്‍ എത്തിയത്. അന്ന് രാത്രി മുതലുള്ള സിസിടിവി ദൃശ്യങ്ങളാണ് പരിശോധിച്ചത്. വിശ്വനാഥന്‍ മെഡിക്കല്‍ കോളജ് പരിസരത്ത് നില്‍ക്കുന്നതും ഓടിപ്പോവുന്നതുമടക്കമുള്ള ദൃശ്യങ്ങള്‍ ഇതിലുണ്ടായിരുന്നു. ഇത് പരിശോധിച്ചതില്‍ ആള്‍ക്കൂട്ട വിചാരണയുടെയോ കളിയാക്കലിന്റേയോ യാതൊരു തെളിവുകളുമില്ലെന്ന് ക്രൈംബ്രാഞ്ചിന്റെ അന്തിമ റിപ്പോര്‍ട്ടില്‍ പറയുന്നു. ജില്ലാ കോടതിയിലാണ് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.