പാലക്കാട്: ‘വളരെ വിഷമമാണ് ഈ മഴക്കാലയാത്ര, വരമ്പിലൂടെ നടന്ന് എനിക്ക് കടന്നലിന്റെ കുത്തേറ്റതും കാൽവഴുതി തോട്ടിൽ വീണതും ഈ മഴക്കാലത്താണ്’; പാലക്കാട് ചിറ്റൂർ ജിവിഎൽപി സ്കൂളിലെ നാലാം ക്ലാസുകാരി അയനയുടെ മഴക്കാലത്തെ കുറിച്ചെഴുതിയ കുറിപ്പിലെ വരികളാണിത്. ചെളിയും തോടും കടന്നുള്ള തന്റെ ദുരിതയാത്രയെ കുറിച്ചാണ് കുറിപ്പിൽ അയന പറയുന്നത്. സ്കൂളിലെ അധ്യാപികയായ തുഷാര കെ എപിഎം തന്റെ ഫേസ്ബുക്കിലൂടെയാണ് ഈ കുറിപ്പ് പങ്കുവച്ചത്.
മഴക്കാലത്തെ കുറിച്ച് വിവരിക്കാൻ അധ്യാപിക ആവശ്യപ്പെട്ടപ്പോൾ സന്തോഷമായിരുന്നില്ല താൻ അനുഭവിക്കുന്ന ദുരിതമായിരുന്നു ആ കുഞ്ഞിന് പറയാനുണ്ടായിരുന്നത്. മന്ത്രിക്കും കലക്ടർക്കും പരാതി നൽകിയിട്ടും നടപടിയുണ്ടായില്ലെന്നാണ് കുഞ്ഞ് അയന വിഷമത്തോടെ കുറിക്കുന്നത്.
കടന്നലിന്റെ കുത്തും തോട്ടിൽ വീണതും കാരണം രണ്ട് ദിവസം സ്കൂളിൽ പോകാൻ കഴിഞ്ഞില്ലെന്നതും അയന സങ്കടത്തോടെ പറയുന്നു. താൻ സ്കൂളിലേക്ക് പോയിരുന്ന വഴി ‘മാമൻമാർ’ കൊട്ടിയടച്ചതിനെ കുറിച്ചും അയന ഡയറിയിൽ കുറിച്ചിട്ടുണ്ട്.മഴ പെയ്തതോടെ തോട്ടിൽ വെള്ളം നിറഞ്ഞു. വരമ്പിൽ ചെളിയായി. ആ വരമ്പിലൂടെ നടന്ന് സ്കൂൾ ബസ് വരുന്ന റോഡിൽ എത്തുമ്പോഴേക്കും ബൂട്സിട്ടപോലെ ചെളിപറ്റും. പിന്നെ ബോട്ടിലിലെ വെള്ളം കൊണ്ട് കാലുകഴുകിയാണ് ബസ്സിൽ കയറുന്നത്. – അയന ഡയറിയിലെഴുതി.