Kerala

മാക്ടയെ തകര്‍ത്തതിന് പിന്നില്‍ ഒരു നടന്‍; കൊള്ളരുതായ്മകള്‍ക്ക് പിന്നിലും 15 അംഗ പവര്‍ ഗ്രൂപ്പ് ; തുറന്നടിച്ച് വിനയന്‍

കൊച്ചി: സിനിമാരംഗത്തെ എല്ലാ കൊള്ളരുതായ്മകള്‍ക്ക് പിന്നിലും 15 അംഗ പവര്‍ ഗ്രൂപ്പ് ആണെന്ന് സംവിധായകന്‍ വിനയന്‍. സിനിമയിലെ ഈ പവര്‍ ഗ്രൂപ്പുകളെപ്പറ്റി വര്‍ഷങ്ങള്‍ക്ക് മുമ്പേ താന്‍ പറഞ്ഞതാണ്. ഈ പോക്ക് ശരിയല്ലെന്ന് അന്നേ പറഞ്ഞതാണ്. ഇതിന് കടിഞ്ഞാണിടണം. ശക്തമായ തീരുമാനങ്ങള്‍ വരണം. ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ഇത്രയും കാലം പുറത്തു വരാതിരുന്നതിനു പിന്നിലും ഈ പവര്‍ ഗ്രൂപ്പാണെന്ന് വിനയന്‍ പറഞ്ഞു.

പുറത്തുവന്ന ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് മലയാള സിനിമയ്ക്ക് ഒത്തിരി ഡാമേജ് ഉണ്ടാക്കുന്നതാണ്. പുതിയ തലമുറയെ ഈ രംഗത്തേക്ക് വരാന്‍ ആശങ്കപ്പെടുത്തുന്ന തരത്തിലുള്ള റിപ്പോര്‍ട്ടാണ് പുറത്തു വന്നത്. ഇതിനെ വളരെ ലഘൂകരിച്ച് സംസാരിക്കുന്നവരുണ്ട്. ‘ഇത്രയല്ലേ ഉള്ളൂ, ഇതിലും വലുത് ഞങ്ങള്‍ കണ്ടിട്ടുണ്ടെന്ന’ രീതിയില്‍ ചില മന്ത്രിമാര്‍, സിനിമാക്കാര്‍ തുടങ്ങിയവര്‍ സംസാരിക്കുന്നത് കണ്ടു. ‘ഇനിയും ഉറക്കം നടിക്കരുത്, അത് ഇന്‍ഡസ്ട്രിയെ കൂടുതല്‍ കുഴപ്പത്തിലേക്ക് കൊണ്ടുവിടും’ എന്നാണ് അവരോട് പറയാനുള്ളത്.

സ്ത്രീകള്‍ക്ക് സുരക്ഷ നല്‍കുന്നതില്‍ ഹേമ കമ്മിറ്റി നിര്‍ദേശിച്ചിട്ടുള്ള കാര്യങ്ങള്‍ ശക്തമായി നടപ്പാക്കണം. സിനിമ രംഗത്ത് മാഫിയ ഗ്രൂപ്പിന്റെ ഏറ്റവും ശക്തമായ പീഡനം ഏറ്റുവാങ്ങിയ വ്യക്തിയാണ് താന്‍. മലയാള സിനിമയില്‍ ആദ്യമായി തൊഴിലാളികള്‍ക്ക് വേണ്ടി ഉണ്ടാക്കിയ ട്രേഡ് യൂണിയന്റെ ജനറല്‍ സെക്രട്ടറിയായിരുന്നു. ജൂനിയര്‍ ആര്‍ട്ടിസ്റ്റ്, ഡ്രൈവര്‍മാര്‍, പ്രൊഡക്ഷന്‍ അസിസ്റ്റന്റ് തുടങ്ങിയവരുടെ യൂണിയനാണ് ആദ്യം ഉണ്ടാക്കിയത്. ഇതിനുശേഷമാണ് സംവിധായകരുടെയും മറ്റും യൂണിയനുണ്ടാക്കുന്നത്.

ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളായി ജോലി ചെയ്യുന്ന സ്ത്രീകള്‍ക്കു വേണ്ടി വലിയ തീരുമാനങ്ങളും എടുത്തിരുന്നു. എന്നാല്‍ വരേണ്യവര്‍ഗത്തിന് ഒട്ടും ഇഷ്ടപ്പെട്ടില്ല. മാക്ട തകര്‍ത്തതിന് പിന്നില്‍ ഒരു നടനാണ്. 40 ലക്ഷം അഡ്വാന്‍സ് വാങ്ങിയിട്ട് ആ നടന്‍, സിനിമ ചെയ്യണമെങ്കില്‍ സംവിധായകനെ മാറ്റണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ മാക്ട ന്യായത്തിന്റെ കൂടെ, സംവിധായകന്റെ കൂടെ നിന്നു. അതിന്റെ പേരില്‍ ആ നടന്‍ സംഘടനയെ തകര്‍ത്തു. ആ ഇഷ്യൂ മൂലമാണ് താന്‍ 10-12 വര്‍ഷമായി വിലക്ക് അനുഭവിച്ച് പുറത്തു നില്‍ക്കാന്‍ കാരണമായത്.

2004 ല്‍ താരങ്ങള്‍ എഗ്രിമെന്റ് ഒപ്പിടില്ലെന്ന് പറഞ്ഞ് അമ്മയുടെ നേതൃത്വത്തില്‍ സമരവുമായി വന്നപ്പോള്‍, ഇതിനെ ശക്തമായി നേരിട്ട് സത്യം എന്ന സിനിമ ചെയ്തു. അന്നു തൊട്ട് താന്‍ നോട്ടപ്പുള്ളിയായി. നടന്റെ ഇഷ്യു വന്നപ്പോള്‍ സരോവരം ഹോട്ടലില്‍ സിനിമയിലെ പ്രമുഖരെല്ലാം ഒത്തുചേര്‍ന്ന് ഒരു വലിയ മീറ്റിങ്ങ് നടത്തി. അതിലാണ് ഇവരുടെ സ്‌പോണ്‍സര്‍ഷിപ്പില്‍, ആദ്യമായുണ്ടാക്കിയ ട്രേഡ് യൂണിയനായ മാക്ടയെ തകര്‍ക്കാനായി മറ്റൊരു സംഘടനയുണ്ടാക്കി. ഇതിന് അമ്മയും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും ഇതിന് വലിയ ഫണ്ട് നല്‍കി.

അന്ന് ആ യോഗത്തില്‍ ഇന്നത്തെ മന്ത്രി ഉള്‍പ്പെടെയുള്ള ആവേശത്തോടെ പ്രസംഗിച്ച ആ 15 പവര്‍ ഗ്രൂപ്പില്‍ ഉള്ളവര്‍ തന്നെയാണ് ഇന്നും സിനിമയിലെ തെമ്മാടിത്തരങ്ങള്‍ക്ക് സപ്പോര്‍ട്ട് ചെയ്യുന്നത് എന്നത് സങ്കടകരമാണ്. അന്ന് മാക്ട സംഘടനയെ തകര്‍ത്തത് ഇത്തരം വൃത്തികേടുകള്‍ക്ക് എതിരു നില്‍ക്കാന്‍ ആരും ഉണ്ടാകരുത് എന്ന ഉദ്ദേശത്തോടു കൂടിയായിരുന്നു. ആരും തന്റെ വാക്കു കേള്‍ക്കാന്‍ കൂട്ടാക്കാതിരുന്നതോടെയാണ് കോടതിയെ സമീപിച്ചത്. കോംപറ്റീഷന്‍ കമ്മീഷന്‍ അമ്മയ്ക്ക് നാലുലക്ഷം രൂപയാണ് പിഴയിട്ടത്. ഫെഫ്കയ്ക്കും പിഴയിട്ടു. ഇന്ത്യയില്‍ ആദ്യമായിട്ടാണ് സിനിമാരംഗത്തെ ഇത്തരം മാഫിയാ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ആദ്യമായി ഫൈന്‍ അടിക്കുന്നത് എന്നും വിനയന്‍ പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top