ചെന്നൈ: നടന്‍ വിജയ് ആരംഭിച്ച രാഷ്ട്രീയ പാര്‍ട്ടി തമിഴക വെട്രി കഴകത്തില്‍ അംഗമാകാന്‍ ആരാധകരുടെ ഒഴുക്ക്. അംഗത്വ വിതരണം ആരംഭിച്ച് 24 മണിക്കൂറുകള്‍ക്കകം 30 ലക്ഷം പേര്‍ പാര്‍ട്ടിയില്‍ ചേര്‍ന്നതായി പാര്‍ട്ടി അവകാശപ്പെട്ടു.
കഴിഞ്ഞ മാസമാണ് വിജയ് പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചത്. പ്രത്യേക മൊബൈല്‍ ആപ് വഴി പാര്‍ട്ടിയില്‍ അംഗമാകുന്ന ക്യാംപെയ്ന്‍ കഴിഞ്ഞ വെള്ളിയാഴ്ചയാണ് ആരംഭിച്ചത്. ആദ്യ അംഗമായി വിജയ് ചേര്‍ന്നിരുന്നു.
പാര്‍ട്ടിയില്‍ അംഗമാകാന്‍ വിജയ് ആവശ്യപ്പെട്ടതോടെ ആദ്യ മണിക്കൂറില്‍ 20 ലക്ഷത്തില്‍പ്പരം ആളുകളാണ് അംഗത്വത്തിനായി ആപ്പ് സന്ദര്‍ശിച്ചത്. അംഗത്വമെടുക്കാനായി ഒരേ സമയം ഒട്ടേറെയാളുകള്‍ ആപ്പില്‍ കയറിയതോടെ സൈറ്റിന്റെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിലച്ചു. ഒടിപി നമ്പറിനായും ലക്ഷക്കണക്കിന് ആളുകളാണ് രജിസ്റ്റര്‍ ചെയ്തത്.
തകരാര്‍ പരിഹരിച്ച് 24 മണിക്കൂറിനകം 30 ലക്ഷം പേര്‍ അംഗത്വമെടുത്തു. 2 കോടി അംഗങ്ങളെ ചേര്‍ക്കാനാണു ലക്ഷ്യമിടുന്നതെന്നും പാര്‍ട്ടി ഭാരവാഹികള്‍ പറഞ്ഞു.