Crime

രാജസ്ഥാനിൽ ക്രൈസ്തവർക്ക് നേരെ വിഎച്ച്പി അക്രമം; 28 പേർ കസ്റ്റഡിയിൽ

Posted on

നിർബന്ധിത മതപരിവർത്തനം ആരോപിച്ച് രാജസ്ഥാനിലെ ഭരത്പൂരിൽ ക്രൈസ്തവ പ്രാർത്ഥനാ സംഘത്തിന് നേരെ വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്പി) ആക്രമണം. സംഭവവുമായി ബന്ധപ്പെട്ട് 28പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. വിഎച്ച്പി നേതാവ് രാജേഷ് സിംഗാളിൻ്റെ നേതൃത്വത്തിലായിരുന്നു അക്രമം നടന്നത്. ഭരത്പൂർ ജില്ലയിലെ മഥുരയിലാണ് സംഭവം അരങ്ങേറിയത്.

ഒരു സ്വകാര്യ വസതിയിൽ നടന്ന പ്രാർത്ഥനാ യോഗത്തിലാണ് മതപരിവർത്തനം ആരോപിച്ച് വിഎച്ച്പി പ്രവർത്തകർ ക്രിസ്ത്യാനികൾക്ക് നേരെ കൈയ്യേറ്റം നടത്തിയത്. ഈ പ്രദേശത്തെ ഒരു വീട്ടിൽ ഇത്തരത്തിൽ മതപരിവർത്തന യോഗം നടക്കുന്നതായി പരാതി ലഭിച്ചുവെന്ന് മഥുര ഗേറ്റ് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് മാധ്യമങ്ങളോട് പറഞ്ഞു.20 സ്ത്രീകളടക്കം 28 പേരെയാണ് പോലീസ് പിടികൂടിയത്. 100ലധികം പേർ പ്രാർത്ഥനാ യോഗത്തിൽ പങ്കെടുത്തുവെന്നാണ് വിഎച്ച്പി പ്രവർത്തകർ പറയുന്നത്.

പ്രാദേശികമായി ലഭിച്ച വിവരത്തെ തുടർന്നാണ് ഇവിടെ എത്തിയതെന്ന് വി എച്ച് പി പ്രവർത്തകർ പറഞ്ഞു. പണവും സമ്മാനങ്ങളും നൽകി മത പരിവർത്തനം നടത്തുവെന്നാണ് ഇവരുടെ ആരോപണം. വിദേശ ഫണ്ട് സ്വീകരിച്ചു കൊണ്ട് സംസ്ഥാനത്ത് വൻതോതിൽ മതപരിവർത്തനം നടക്കുന്നുവെന്നാണ് തീവ്ര ഹിന്ദുത്വ സംഘടനയായ വി എച്ച്പിയുടെ ആക്ഷേപം.

സമാന ആരോപണങ്ങൾ ഉന്നയിച്ച് മുംബൈയിലെ പ്രഭാദേവിയിലും പുണെയിലും ക്രിസ്ത്യൻ പ്രാർത്ഥനാ സംഘങ്ങൾക്ക് നേരെ കഴിഞ്ഞ ആഴ്ച അതിക്രമങ്ങൾ നടന്നതായി റിപ്പോർട്ടുകളുണ്ട്. യുണൈറ്റഡ് ക്രിസ്ത്യൻ ഫോറത്തിൻ്റെ കണക്കുകൾ പ്രകാരം 2023ൽ മാത്രം ക്രൈസ്തവർക്ക് നേരെ 400ലധികം അക്രമ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ലോക്സഭ തിരഞ്ഞെടുപ്പിന് ശേഷം ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ മുസ്ലീം – ക്രിസ്ത്യൻ ന്യൂനപക്ഷ വിഭാഗങ്ങൾക്ക് നേരെയുള്ള ആക്രമണങ്ങൾ വർധിച്ചതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഉത്തർപ്രദേശിൽ നിരവധി ആൾക്കൂട്ട അക്രമസംഭവങ്ങൾ കഴിഞ്ഞ ഒരു മാസത്തിനിടയിൽ നടന്നതായി വാർത്തകളുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version