വയനാട് ഉരുള്‍പൊട്ടലില്‍ തകര്‍ന്ന വെള്ളാര്‍മല സ്‌കൂള്‍ അതേപേരില്‍ പുനര്‍നിര്‍മിക്കും. വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടിയാണ് ഇക്കാര്യം അറിയിച്ചത്. എന്നാല്‍ എവിടെ നിര്‍മ്മിക്കണം എന്ന കാര്യത്തില്‍ തീരുമാനം എടുത്തിട്ടില്ല. ഇക്കാര്യം എല്ലാവരുമായി ആലോചിച്ച് തീരുമാനമെടുക്കുമെന്നും മന്ത്രി പറഞ്ഞു. സ്‌കൂള്‍ പുനര്‍നിര്‍മിക്കാമെന്ന് മോഹന്‍ലാല്‍ അറിയിച്ചിട്ടുണ്ട്. അദ്ദേഹവുമായും സംസാരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
പ്രകൃതി രമണീയമായ സ്ഥലത്തായിരുന്നു ചൂരല്‍മലയിലെ വെള്ളാര്‍മല സ്‌കൂള്‍ സ്ഥിതി ചെയ്തിരുന്നത്. ഇതിന്റെ ദൃശ്യങ്ങളും ഇവിടത്തെ കുട്ടികള്‍ തയ്യാറാക്കിയ പാട്ടും വൈറലായിരുന്നു. എന്നാല്‍ ഉരുല്‍പൊട്ടലില്‍ ഈ സ്‌കൂള്‍ പൂര്‍ണ്ണമായും തകര്‍ന്നു. ഇവിടത്തെ വിദ്യാര്‍ത്ഥികളും അധ്യാപകരുമടക്കം നിരവധിപേര്‍ മരിക്കുകയും ചിലര്‍ കാണാമറയത്തുമാണ്. ദുരന്തത്തിന്റെ വ്യപ്തി വ്യക്തമാക്കുന്നതാണ് ഇന്നത്തെ ഈ സ്‌കൂളിന്റെ ചിത്രങ്ങള്‍.
ദുരിതബാധിതരായ കുട്ടികളെ ഇരുപത് ദിവസത്തിനുളളില്‍ ക്ലാസുകളിലെത്തിക്കാനുള്ള നടപടികളാണ് പുരോഗമിക്കുന്നതെന്നും മന്ത്രി അറിയിച്ചു. താത്കാലികമായി വിദ്യാഭ്യാസം നല്‍കുന്നത് പരിഗണനയിലുണ്ട്. ദുരിതാശ്വാസ ക്യാംപുകള്‍ മാറ്റുന്ന മുറയ്ക്ക് വി.എച്ച്.എസ്.എസ്. മേപ്പാടിയില്‍ ക്ലാസുകള്‍ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.