ഇടതുമുന്നണിയുടെ തോൽവിയുടെ കാരണം മുസ്‌ലിം പ്രീണനമാണെന്നുള്ള എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനക്കെതിരെ സാംസ്കാരിക നേതാക്കള്‍ രംഗത്ത്. വെള്ളാപ്പള്ളിയുടെ വാക്കുകള്‍ വസ്തുതാവിരുദ്ധവും മതവിദ്വേഷം വളർത്തുന്നതുമാണെന്ന് ഇവര്‍ ഒപ്പുവച്ച പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി. പ്രസ്താവനയെ ശക്തമായി അപലപിക്കുന്നതായും ഇവര്‍ പറഞ്ഞു.
ആർ രാജഗോപാൽ (എഡിറ്റർ-അറ്റ് ലാർജ്, ടെലഗ്രാഫ്), ചെറായി രാമദാസ്, ജെ.രഘു, സണ്ണി.എം.കപിക്കാട് , ഡോ. അജയ് ശേഖർ, എം.പി.പ്രശാന്ത് തുടങ്ങി ഒട്ടനവധി പേര്‍ പ്രസ്താവനയില്‍ ഒപ്പ് വച്ചിട്ടുണ്ട്. ഒപ്പം സോഷ്യല്‍ മീഡിയ ക്യാമ്പയിനും ഇവര്‍ ആരംഭിച്ചിട്ടുണ്ട്.
കേരളത്തില്‍ ജനസംഖ്യ ആനുപാതികമായുള്ള പ്രാതിനിധ്യം മുസ്‍ലിംകൾക്ക് ലഭിച്ചിട്ടില്ല. കേരളത്തില്‍ ലവ് ജിഹാദ് ഇല്ലെന്നു പോലീസ് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. പക്ഷെ ലവ് ജിഹാദ് ഉണ്ടെന്ന പ്രചാരണം നിഷേധിക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ തയ്യാറായിട്ടില്ല. ‘മതദ്വേഷം പാടില്ല’ എന്നരുളിച്ചെയ്ത ശ്രീനാരായണഗുരുവിന്റെ ആശയം പിന്തുടരുന്ന നേതാവാണ് മതവിദ്വേഷം ജനിപ്പിക്കുന്ന പ്രസ്താവന നടത്തുന്നത്. പക്ഷെ വെള്ളാപ്പള്ളിയെ തിരുത്താന്‍ ആരും തയ്യാറാകുന്നില്ല. പ്രസ്താവന പിൻവലിക്കാൻ തയ്യാറാകണമെന്നും അതിന് അദ്ദേഹത്തെ നിർബന്ധിക്കാൻ കേരളത്തിലെ ജനാധിപത്യവാദികൾ തയ്യാറാകണമെന്നും ഇവര്‍ അഭ്യർഥിച്ചു.
എൽഡിഎഫിൽ മുസ്‌ലിം പ്രീണനം വർദ്ധിച്ചുവെന്നാണ് കഴിഞ്ഞ ദിവസം എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ആരോപിച്ചത്. എൽഡിഎഫിന്റെ മുസ്‌ലിം പ്രീണനത്തിൽ ദുഃഖിതരായ പിന്നാക്കക്കാരുടെ വോട്ട് ബിജെപിയിലേക്ക് വലിയ തോതിൽ ഒഴുകിയെന്നും വെള്ളാപ്പള്ളി നടേശൻ പ്രതികരിച്ചിരുന്നു. കേരളത്തിലെ പട്ടികജാതി പട്ടികവർഗ്ഗക്കാരനെ എൽഡിഎഫും യുഡിഎഫും വഞ്ചിക്കുകയാണെന്നും ബിജെപിയാണ് അവർക്ക് രക്ഷകരായി വന്നതെന്നും വെള്ളാപ്പള്ളി പറഞ്ഞു. ഈ പ്രസ്താവനയില്‍ പ്രതിഷേധിച്ച് ഹുസൈൻ മടവൂർ കേരള നവോത്ഥാന സമിതി വൈസ് ചെയർമാൻ സ്ഥാനം രാജിവച്ചിരുന്നു.