Kerala

വയനാട്ടിൽ അനാഥരാക്കപ്പെട്ട കുട്ടികളുടെ ദത്തെടുക്കൽ; വ്യാജ പ്രചരണം നടത്തുന്നവർക്കെതിരെ നടപടിയെന്ന് മന്ത്രി

Posted on

തിരുവനന്തപുരം: വയനാട് ദുരന്തത്തിനിരയായ മാതാപിതാക്കള്‍ നഷ്ടപ്പെട്ട കുട്ടികളെ വളര്‍ത്താന്‍ അപേക്ഷ സ്വീകരിക്കുന്നുണ്ടെന്നും സ്വകാര്യ ആശുപത്രിയില്‍ നിന്ന് ഉള്‍പ്പെടെ കുട്ടികളെ നല്‍കുന്നുണ്ട് എന്ന് സോഷ്യല്‍ മീഡിയയിലൂടെയും അല്ലാതെയും വ്യാജ പ്രചരണം നടത്തുന്നവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കി. വനിത ശിശു വികസന വകുപ്പ് ഡയറക്ടര്‍ ഹരിതാ വി കുമാര്‍ ഐഎഎസിനോട് ഇതുസംബന്ധിച്ച് പൊലീസില്‍ പരാതി നല്‍കാനും മന്ത്രി നിര്‍ദ്ദേശം നല്‍കി.

ഇങ്ങനെ പ്രചരിപ്പിക്കുന്നവരുടെ ഉദ്ദേശം, പ്രവര്‍ത്തനം, മറ്റു ബന്ധങ്ങള്‍ എന്നിവ സംബന്ധിച്ച് സമഗ്ര അന്വേഷണം നടത്തി നിയമപരമായ ശിക്ഷ ഉറപ്പാക്കുന്നതിന് നടപടികള്‍ സ്വീകരിക്കുന്നതാണെന്നും മന്ത്രി പറഞ്ഞു. ഉരുള്‍പൊട്ടലിന്റെ സാഹചര്യത്തില്‍ നടന്ന അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ക്യാമ്പുകളില്‍ ചെക്ക്‌ലിസ്റ്റ് അനുസരിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ ക്രോഡീകരിക്കണം. മാതാപിതാക്കളില്‍ ഒരാള്‍ നഷ്ടപ്പെട്ടവരുടെ കൂടി കണക്ക് എടുക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കി. കുട്ടികള്‍ക്ക് വാക്‌സിനേഷനും ഉറപ്പാക്കിയിട്ടുണ്ട്. ഗര്‍ഭിണികള്‍ക്ക് ഗൈനക്കോളജിസ്റ്റിന്റെ സേവനം ലഭ്യമാക്കിയെന്നും മന്ത്രി അറിയിച്ചു. ആവശ്യമായവര്‍ക്ക് സ്‌കാനിംഗ് ഉള്‍പ്പെടെയുള്ള സൗകര്യമൊരുക്കി. ക്യാമ്പികളില്‍ പനിയുള്ളവരെ പ്രത്യേകം നിരീക്ഷിച്ചു വരുന്നു.

രക്ഷാപ്രവര്‍ത്തകര്‍ക്ക് പനിയോ മറ്റ് രോഗലക്ഷണങ്ങളോ കണ്ടാല്‍ പ്രോട്ടോകോള്‍ അനുസരിച്ച് പ്രവര്‍ത്തനങ്ങള്‍ നടത്തണം. ജീവിതശൈലീ രോഗങ്ങളുള്ളവര്‍ക്ക് മരുന്നുകള്‍ ലഭ്യമാക്കിയിട്ടുണ്ട്. 640 പേര്‍ക്ക് സൈക്കോസോഷ്യല്‍ പിന്തുണ നല്‍കി. കുട്ടികള്‍ക്കുള്ള മാനസിക പിന്തുണാ പരിപാടിയും ആരംഭിച്ചു. മൃതദേഹങ്ങളും ശരീര ഭാഗങ്ങളും ശാസ്ത്രീയമായി തിരിച്ചറിയാനായി ഡിഎന്‍എ സാമ്പിള്‍ കളക്ഷന്‍ ആരംഭിച്ചു. 49 സാമ്പിളുകള്‍ ശേഖരിച്ചു. മാനസികാരോഗ്യ പ്രോട്ടോകോള്‍ പാലിച്ചാണ് സാമ്പിള്‍ ശേഖരിക്കുന്നത്. മൃതദേഹങ്ങള്‍ ആശുപത്രിയിലെത്തിക്കാനും തിരികെ കൊണ്ടുപോകാനുമായി 149 ആബുലന്‍സുകള്‍ സജ്ജമാണ്. മൃതദേഹങ്ങള്‍ സൂക്ഷിക്കാനായി 129 ഫ്രീസറുകള്‍ അധികമായുണ്ട്. 221 മൃതദേഹങ്ങളും 166 ശരീര ഭാഗങ്ങളുമാണ് ഇതുവരെ കിട്ടിയത്. ശരീര ഭാഗങ്ങളുള്‍പ്പെടെ 380 പോസ്റ്റുമോര്‍ട്ടങ്ങള്‍ നടത്തിയതായും മന്ത്രി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version