Kerala

‘എംഎൽഎ ആകുന്നതിന് മുമ്പുള്ള സ്ഥലം; എന്നെയും ഭർത്താവിനേയും മനപ്പൂർവം അപമാനിക്കാൻ ശ്രമം’; മാനനഷ്ടക്കേസ് കൊടുക്കുമെന്ന് വീണാ ജോർജ്

Posted on

തിരുവനന്തപുരം: തന്റെ ഭർത്താവ് ജോർജ് ജോസഫിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിന് അനുകൂലമായി ഓടയുടെ ഗതിമാറ്റിയെന്ന ആരോപണത്തിൽ മറുപടിയുമായി മന്ത്രി വീണാ ജോർജ്. താൻ എംഎൽഎ ആകുന്നതിന് ഏറെ വർഷങ്ങൾക്ക് മുൻപുണ്ടായിരുന്നതാണ് കൊടുമണ്ണിലെ 22.5 സെന്റ് സ്ഥലം എന്നാണ് മന്ത്രി പറഞ്ഞത്. താൻ മന്ത്രിയാകുന്നതിന് മുൻപ് റോഡ് നിർമാണത്തിനുള്ള ധനാനുമതി നൽകിയതാണ്. കിഫ്ബി നിശ്ചയിച്ച അലൈൻമെന്റിൽ ഒരു മാറ്റവും വരുത്തിയിട്ടില്ല എന്ന് ഉദ്യോഗസ്ഥർ രേഖകൾ സഹിതം കാണിച്ചിട്ടും അളന്നു കാണിച്ചിട്ടും ചില പ്രാദേശിക കോൺഗ്രസ് നേതാക്കൾ കേൾക്കാൻ തയ്യാറായില്ല. തന്നെയും ഭർത്താവിനേയും മനപൂർവം അപമാനിക്കുക എന്നതാണ് ചിലരുടെ ലക്ഷ്യം. ഇവർക്കെതിരെ മാനനഷ്ടത്തിന് കേസ് കൊടുക്കുമെന്നും വീണ ജോർജ് പറഞ്ഞു

വീണ ജോർജിന്റെ കുറിപ്പ് വായിക്കാം

ചില മാധ്യമങ്ങളും ചില പ്രാദേശിക കോൺഗ്രസ് നേതാക്കളും എനിക്കും കുടുംബത്തിനും എതിരെ ഇന്നലെ വൈകുന്നേരം മുതൽ നടത്തുന്ന വാസ്തവ വിരുദ്ധവും അപകീർത്തികരവുമായ അസത്യ പ്രചരണത്തെക്കുറിച്ചാണ് ഇവിടെ എഴുതുന്നത്:

പിഡബ്ല്യുഡിയുടെ അലൈൻമെന്റ് എന്റെ ഭർത്താവ് ഡോ. ജോർജ് ജോസഫ് ഇടപെട്ട് മാറ്റം വരുത്തി എന്ന തീർത്തും അസത്യമായ കാര്യം പ്രചരിപ്പിച്ചാണ് ആക്ഷേപിക്കുന്നത്. ഇന്ന് ഒരു ദിനപത്രം ഹെഡ്ലൈനായി കൊടുത്തത് ‘മന്ത്രിയുടെ ഭർത്താവിന് വേണ്ടി ഓടയുടെ ഗതി മാറ്റി: തടഞ്ഞ് കോൺഗ്രസ്.’ എന്നാണ്. എത്ര അസന്നിഗ്ദ്ധമായാണ് ഈ മാധ്യമം കള്ളം എഴുതി വച്ചിരിക്കുന്നത്. എന്റെ ഭർത്താവിന് ഞാൻ എംഎൽഎ ആകുന്നതിന് എത്രയോ വർഷം മുമ്പ് ഉണ്ടായിരുന്നതാണ് കൊടു മണ്ണിലെ 22.5 സെൻറ് സ്ഥലം. കെട്ടിടം വച്ചത് ഒരുകോടി 89 ലക്ഷം രൂപ ബാങ്ക് ലോണെടുത്താണ്. ഇതിനു മുന്നിലൂടെയാണ് ഏഴംകുളം -കൈപ്പട്ടൂർ റോഡ് പോകുന്നത്. ഈ റോഡിന് കിഫ്ബിയിലൂടെ പണം അനുവദിച്ച് ബിഎം ആൻ്റ് ബിസി ടാറിങ്ങിനായുള്ള നിർമ്മാണ പ്രവർത്തിയും നടക്കുകയാണ്.

2020 ലാണ് 12 മീറ്റർ വീതിയിൽ റോഡ് നിർമ്മാണത്തിന് കിഫ്ബി ധനാനുമതി നൽകിയത്. അതായത് ഞാൻ മന്ത്രിയാകുന്നതിന് മുമ്പേതന്നെ. ഇനി ഈ പറയുന്ന ഭാഗത്ത് റോഡിൻെറ വീതി അളന്നു നോക്കിയാൽ 17 മീറ്ററാണ് എന്ന് കാണാൻ കഴിയും. ഈ റോഡിന് ഇത്രയും വീതി മറ്റൊരിടത്തുമില്ല. റോഡ് നിർമ്മാണം നടക്കുന്നത് കിഫ്ബി 2020 ൽ അനുവദിച്ച 12 മീറ്റർ വീതിയിൽ KRFB നിശ്ചയിച്ച അലൈൻമെൻ്റിലാണ്. അതിൽ ഒരുതരത്തിലുള്ള മാറ്റവും ഈ ഭാഗത്ത് ഉണ്ടായിട്ടില്ല. ഇവിടെയാണ് ഇന്നലെ കോൺഗ്രസുകാർ കൊടി കുത്തിയത്.

കിഫ്ബി നിശ്ചയിച്ച അലൈൻമെന്റിൽ ഒരു മാറ്റവും വരുത്തിയിട്ടില്ല എന്ന് ഉദ്യോഗസ്ഥർ രേഖകൾ സഹിതം കാണിച്ചിട്ടും അളന്നു കാണിച്ചിട്ടും ചില പ്രാദേശിക കോൺഗ്രസ് നേതാക്കൾ കേൾക്കാൻ തയ്യാറായില്ല എന്നാണ് അറിഞ്ഞത്. അലൈൻമെൻ്റിൽ ഒരു തരത്തിലും ഒരു മാറ്റവും ഉണ്ടായിട്ടില്ല. കൃത്യമായ രേഖകളോടെ (റവന്യൂ, പിഡബ്ല്യുഡി) ഔദ്യോഗികമായി അളന്ന് തിട്ടപ്പെടുത്തിയിട്ടുള്ള വസ്തുവായതിനാലും ഒരടി പോലും പുറംപോക്ക് ഈ വസ്തുവിൽ ഇല്ല എന്നതിനാലും, അലൈൻമെൻ്റിൽ ഏതെങ്കിലും തരത്തിലുള്ള മാറ്റം ഈ ഭാഗത്ത് ഉണ്ടായിട്ടില്ല എന്നിരിക്കെ അലൈൻമെന്റ് മാറ്റി എന്ന് അപകീർത്തിപ്പെടുത്തി അപമാനിച്ചതിനാലും മാനനഷ്ട കേസ് നൽകാനാണ് തീരുമാനം.

ഈ റോഡിനോട് ചേർന്ന് എതിർവശത്തുള്ള കോൺഗ്രസ് ഓഫീസ് പുറമ്പോക്കിലാണ് ഉള്ളത്. അവിടെ രേഖകളിൽ വീതി 23.5 മീറ്റർ ആണ്. എന്നാൽ അളന്നു നോക്കിയാൽ 14 മീറ്റർ മാത്രമാണ് ഇപ്പോൾ അവിടെയുള്ളത്.

 

കോൺഗ്രസ് ഓഫീസിനെ സംരക്ഷിക്കാൻ എൻ്റെ ഭർത്താവിനെയും എന്നെയും ഇതിലേക്ക് മനപ്പൂർവ്വം വലിച്ചിഴച്ച് അപമാനിക്കുകയാണ് ചിലരുടെ ലക്ഷ്യം. മുൻ പഞ്ചായത്ത് പ്രസിഡൻ്റായ കോൺഗ്രസ് പ്രാദേശിക നേതാവിന്റെ ജേഷ്ഠ സഹോദരൻ ഈ വസ്തുവിൽ അവകാശവാദവുമായി എത്തിയതും അത് കോടതിയിൽ പരാജയപ്പെട്ടതും ഗൂഢാലോചനയുടെ പിന്നിലുള്ള മറ്റൊരു കാരണമായിരിക്കാം.

റോഡിൻെറ ഈ ഭാഗത്തുളള മുഴുവൻ പുറം പോക്കും അളക്കുകയും ഒഴിപ്പിക്കുകയും വേണം എന്നതാണ് ഞങ്ങളുടെ ആവശ്യം. ഇതിനായി എൻ്റെ കുടുംബത്തിൻ്റേത് ഉൾപ്പെടെ ഈ ഭാഗത്തുള്ളവസ്തുക്കളെല്ലാം തന്നെ അളന്ന് പുറമ്പോക്ക് ഉണ്ടെങ്കിൽ കണ്ടെത്തി അളന്ന് തിട്ടപ്പെടുത്തണം എന്ന ആവശ്യവുമായി എൻ്റെ ഭർത്താവ് ഡോ ജോർജ് ജോസഫ് ജില്ലാ കളക്ടർക്ക് അപേക്ഷ നൽകിയിട്ടുണ്ട്.

എൻ്റെ പേഴ്സണൽ സ്റ്റാഫിന് കൈക്കൂലി കൊടുത്തു എന്ന് വരുത്തി തീർക്കാനുള്ള ഹരിദാസൻ എപ്പിസോഡിന് ശേഷം എന്നെ അപമാനിക്കാനുള്ള അടുത്ത ശ്രമവുമായാണ് ഗൂഢവും നിന്ദ്യവുമായ ലക്ഷ്യങ്ങളോടെ ചിലർ ഇറങ്ങിയിട്ടുള്ളത്. വ്യാജപ്രചരണം നടത്തിയതിനും പൊതുസമൂഹമധ്യേ അപമാനിച്ചതിനുമെതിരെ ശക്തമായ, സാധ്യമായ എല്ലാ നിയമനടപടികളും സ്വീകരിക്കും.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version