തിരുവനന്തപുരത്ത് കോളറബാധ സ്ഥിരീകരിച്ചതോടെ ആരോഗ്യവകുപ്പ് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കി. 2017ന് ശേഷം ഇതാദ്യമായാണ് കേരളത്തില്‍ കോളറ മരണം റിപ്പോർട്ട് ചെയ്യുന്നത്. ഈ വർഷം ഇതുവരെ ഒമ്പത് കോളറ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. നെയ്യാറ്റിൻകര വഴുതൂരിലുള്ള ശ്രീകാരുണ്യ സ്പെഷ്യൽ സ്കൂളിലെ ഹോസ്റ്റലിലിലാണ് കോളറ ബാധ സ്ഥിരീകരിച്ചത്. ഹോസ്റ്റലിലെ യുവാവ് വയറിളക്കം ബാധിച്ചാണ് മരിച്ചത്. ഒപ്പം താമസിക്കുന്ന കുട്ടിക്ക് കോളറ സ്ഥിരീകരിച്ചിരുന്നു. ഹോസ്റ്റലിലെ 17 പേർ വയറിളക്കം ബാധിച്ച് ചികിത്സയിലുമാണ്. ചികിത്സയിലുള്ളവർക്ക് കോളറ പ്രതിരോധ മരുന്ന് നൽകിത്തുടങ്ങിയിട്ടുണ്ട്.
കൂടുതല്‍ രോഗികള്‍ എത്തുന്നുണ്ടെങ്കില്‍ ഐരാണിമുട്ടത്തെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ച് വിദഗ്ധ പരിചരണം ഉറപ്പാക്കുമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് വ്യക്തമാക്കി. “കെയര്‍ ഹോമിലുള്ള ചിലര്‍ വീടുകളില്‍ പോയതിനാല്‍ അവരെ കണ്ടെത്തി നിരീക്ഷിക്കും. രോഗലക്ഷണങ്ങള്‍ കണ്ടാല്‍ സാമ്പിളുകള്‍ പരിശോധിക്കുകയും ചികിത്സ ഉറപ്പാക്കുകയും ചെയ്യും. സ്ഥാപനത്തിന്റെ തന്നെ സ്‌കൂളിലെ ചില കുട്ടികള്‍ക്ക് കോളറ ലക്ഷണങ്ങള്‍ കണ്ടതിനാല്‍ അവര്‍ക്കും വിദഗ്ധ പരിചരണം ഉറപ്പാക്കിയിട്ടുണ്ട്.”
“ശക്തമായ വയറിളക്കമോ ഛര്‍ദിലോ നിര്‍ജലീകരണത്തിന്റെ ലക്ഷണങ്ങളോ ഉണ്ടെങ്കില്‍ അടിയന്തരമായി ചികിത്സ തേടേണ്ടതാണെന്നും കോളറ രോഗത്തിനെതിരെ ഫലപ്രദമായ ആന്റിബയോട്ടിക് മരുന്നുകളുണ്ട്.” – മന്ത്രി പറഞ്ഞു. നെയ്യാറ്റിൻകരയില്‍ ജില്ലാ മെഡിക്കല്‍ ഓഫീസറുടെ നേതൃത്വത്തില്‍ സ്ഥലത്ത് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി. ആരോഗ്യ വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ സ്ഥലം സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തിയിട്ടുണ്ട്.