Kerala

സംസ്ഥാനത്ത് ഈ വര്‍ഷം 10,000 യോഗ ക്ലബ്ബുകള്‍ സ്ഥാപിക്കും: വീണാ ജോര്‍ജ്

തിരുവനന്തപുരം: യോഗ പ്രചരണത്തിന്റെ ഭാഗമായി സംസ്ഥാനത്ത് ഈ വര്‍ഷം പുതുതായി 10,000 യോഗ ക്ലബ്ബുകള്‍ ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. പത്താമത് അന്താരാഷ്ട്ര യോഗ ദിനത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. കഴിഞ്ഞ വര്‍ഷം 1000 യോഗ ക്ലബ്ബുകള്‍ ആരംഭിച്ചു. കൂടാതെ 600 ഓളം വനിതാ യോഗ ക്ലബ്ബുകളും ആരംഭിച്ചു. പുതുതായി തുടങ്ങുന്ന 10,000 യോഗ ക്ലബ്ബുകളിലും നല്ലൊരു ശതമാനം വനിതാ യോഗ ക്ലബ്ബുകള്‍ ഉണ്ടാകും. ശരാശരി ഒരു യോഗാ ക്ലബ്ബില്‍ 25 അംഗങ്ങള്‍ ഉണ്ടായാല്‍ 10,000 യോഗ ക്ലബ്ബുകളിലൂടെ 2,50,000 പേര്‍ക്ക് യോഗ അഭ്യസിക്കാന്‍ സാധിക്കും. ഇതിലൂടെ സമൂഹത്തിനുണ്ടാകുന്ന ആരോഗ്യകരമായ മാറ്റം വലുതാണെന്നും മന്ത്രി പറഞ്ഞു.

‘യോഗ വ്യക്തിക്കും സമൂഹത്തിനും’ എന്നതാണ് ഈ വര്‍ഷത്തെ യോഗ ദിന സന്ദേശം. യോഗയ്ക്ക് ലോകമെമ്പാടും ലഭിക്കുന്ന അംഗീകാരം രാജ്യത്തിന് അഭിമാനമാണ്. 2014 ഡിസംബറിലാണ് യുഎന്‍ ജനറല്‍ അസംബ്ലിയില്‍ ഇന്ത്യ അവതരിപ്പിച്ച പ്രമേയത്തിന്റെ അടിസ്ഥാനത്തില്‍ ജൂണ്‍ 21 അന്താരാഷ്ട്ര യോഗ ദിനമായി ആചരിക്കാന്‍ തുടങ്ങിയത്. വ്യക്തികളുടെ ശാരീരികവും മാനസികവും വൈകാരികവുമായ നിലനില്‍പ്പിന് യോഗ അനിവാര്യമാണ്. പൊതുസമൂഹം ഇത് തിരിച്ചറിഞ്ഞതില്‍ വളരെ സന്തോഷവും അഭിമാനവുമുണ്ട്. ആരോഗ്യം സംരക്ഷിക്കുന്നതിനുള്ള നിരവധി മാര്‍ഗങ്ങള്‍ നവ മാധ്യമങ്ങളിലടക്കം പ്രചരിക്കുന്നുണ്ട്.

എന്നാല്‍ ചിലതിന് ഒരു ശാസ്ത്രീയ അടിസ്ഥാനവുമില്ല. ശരീരത്തിന്റെയും മനസ്സിന്റെയും ആരോഗ്യത്തിന് ഏറ്റവും മികച്ചതാണ് യോഗ. വ്യക്തിയെയും പ്രകൃതിയെയും ഉള്‍ക്കൊള്ളുന്ന ശാസ്ത്രീയമായ യോഗാഭ്യാസത്തിലൂടെ രോഗങ്ങളെ അകറ്റി ശരീരത്തിന് മികച്ച രോഗപ്രതിരോധ ശേഷി കൈവരിക്കാനും സാധിക്കുമെന്നും മന്ത്രി പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top