Kerala
എവിടെ നിന്നോ എംപിയായ മുരളീധരന്‍ ആരെയാണ് വിമര്‍ശിക്കുന്നത്; പ്രിയങ്കയെ കേരളം ഹൃദയത്തില്‍ സ്വീകരിക്കും; ബിജെപിക്ക് മറുപടിയുമായി സതീശന്‍
പ്രിയങ്ക ഗാന്ധിയെ കേരളം ഹൃദയത്തില്‍ സ്വീകരിക്കുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. രാജ്യത്തെ വര്‍ഗീയ ശക്തികള്‍ക്കെതിരെ ഭയമില്ലാതെ പോരാട്ടം നയിക്കുന്ന നേതാവാണ് പ്രിയങ്ക. അവര്‍ക്ക് വയനാട്ടിലെ ജനങ്ങള്‍ രാഹുല്‍ ഗാന്ധിക്ക് നല്‍കിയതിലും വലിയ ഭൂരിപക്ഷം നല്‍കുമെന്നും സതീശന്‍ പറഞ്ഞു. വയനാട് സീറ്റ് ഒഴിവാക്കുമ്പോള്‍ സന്തോഷകരമായ തീരുമാനം ഉണ്ടാകുമെന്ന് രാഹുല്‍ നേരത്തെ തന്നെ പറഞ്ഞിരുന്നതാണ്. അതാണ് പ്രിയങ്കയുടെ സ്ഥാനാര്‍ത്ഥിത്വം.
ഇന്ത്യയില്‍ ആദ്യമായല്ല രാഷ്ട്രീയ നേതാക്കള്‍ രണ്ടിടത്ത് മത്സരിക്കുന്നത്. നരേന്ദ്രമോദിയും രണ്ടിടത്ത് മത്സരിച്ചിട്ടുണ്ട്. ഉത്തരേന്ത്യയില്‍ മത്സരിക്കുന്നില്ലെന്ന് പറഞ്ഞവരാണ് ഇപ്പോള്‍ വയനാട് ഒഴിവാക്കിയെന്ന വിമര്‍ശനവുമായി നടക്കുന്നത്. ഹിന്ദി ഹൃദയഭൂമിയില്‍ പ്രധാനമന്ത്രി മോദി മത്സരിച്ച സംസ്ഥാനത്ത് അദ്ദേഹത്തെക്കാള്‍ ഇരട്ടി വോട്ടിനാണ് രാഹുല്‍ ഗാന്ധി വിജയിച്ചതെന്നും സതീശന്‍ പറഞ്ഞു.
വയനാടുമായി പ്രിയങ്കയ്ക്ക് എന്ത് ബന്ധമെന്ന് ചോദിക്കുന്ന ബിജെപി നേതാവ് വി മുരളീധരന്‍ രാജ്യസഭാംഗമായ സംസ്ഥാനവുമായുള്ള ബന്ധം വ്യക്തമാക്കണം. കേരളത്തില്‍ നിന്ന് ജയിച്ചല്ല മുരളീധരന്‍ കേന്ദ്രമന്ത്രിയായത്. ഏതോ സംസ്ഥാനത്ത് പോയി എംപിയായി കേന്ദ്രമന്ത്രിയായി. അതിനേക്കാള്‍ ഹൃദയബന്ധം പ്രിയങ്കയ്ക്ക് കേരളവുമായുണ്ടെന്നും സതീശന്‍ പരിഹസിച്ചു.