എഡിജിപി എംആര്‍ അജിത്ത് കുമാര്‍ ആര്‍എസ്എസ് നേതാവുമായി കൂടിക്കാഴ്ച നടത്തിയോയെന്ന് അറിയില്ലെന്ന് മന്ത്രി എംബി രാജേഷ്. എഡിജിപി സിപിഎമ്മുകാരനല്ല. അതുകൊണ്ട് തന്നെ ഉദ്യോഗസ്ഥരുടെ കൂടിക്കാഴ്ചയില്‍ ഒന്നും പറയാന്‍ കഴിയില്ല. ഉദ്യോഗസ്ഥര്‍ ഒറ്റക്ക് ആരെയെങ്കിലും കാണാന്‍ പോകുന്നത് സാധാരണ കാര്യമാണ്. അത്തരത്തില്‍ കൂടിക്കാഴ്ച നടത്തിയോ എന്നത് അന്വേഷണത്തില്‍ വ്യക്തമാകുമെന്നും മന്ത്രി പറഞ്ഞു.
ആര്‍എസ്എസിന്റെ പ്രഖ്യാപിത ശത്രുവാണ് സിപിഎം. മുഖ്യമന്ത്രി പിണറായി വിജയന്റെ തലക്ക് വിലയിട്ടവരാണ് ആര്‍എസ്എസ്. നടക്കുന്നത് ആസൂത്രിത പ്രചാരണമാണ്. ഇതിന് പിന്നില്‍ വലിയ ഗൂഢാലോചനയുണ്ടെന്നും എംബി രാജേഷ് ആരോപിച്ചു.
സിപിഎം നേതാക്കളാരും ഗോള്‍വാക്കറുടെ ചിത്രത്തിന് മുന്നില്‍ കുനിഞ്ഞ് തൊഴുത് കുമ്പിട്ട് നിന്നിട്ടില്ല. അത്തരത്തില്‍ നിന്നവരാണ് ഇപ്പോള്‍ ന്യായം പറയുന്നതെന്നും എംബി രാജേഷി പറഞ്ഞു. പ്രതിപക്ഷ നേതാവ് വിഡി സതീശനെ ലക്ഷ്യമിട്ടാണ് മന്ത്രിയുടെ ഈ വിമര്‍ശനം. സതീശന്‍ ആർഎസ്എസിന്റെ സ്ഥാപകനായ ഗോള്‍വാക്കറുടെ ചിത്രത്തിന് മുന്നില്‍ വിളക്ക് കൊളുത്തുന്ന ചിത്രം നേരത്തെ പുറത്തുവന്നിരുന്നു.