തിരുവനന്തപുരം: സിപിഐഎമ്മിലും പവര്‍ഗ്രൂപ്പുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. കുറ്റവാളികള്‍ക്ക് പൂര്‍ണ സംരക്ഷണം നല്‍കുന്ന പവര്‍ഗ്രൂപ്പാണ് സിപിഐഎമ്മിലുള്ളതെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ആരോപണ വിധേയരായ ആളുകളെ പൂര്‍ണമായും സംരക്ഷിക്കുന്ന നിലപാടാണ് സിപിഐഎമ്മിന്റേതെന്നും വി ഡി സതീശന്‍ വിമര്‍ശിച്ചു.
ശരിയായ രീതിയിലുള്ള അന്വേഷണമല്ല നടക്കുന്നത്. യഥാര്‍ത്ഥത്തില്‍ കുറ്റവാളികള്‍ക്ക് കുടപിടിച്ചുകൊടുക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. വരും കാലത്ത് ഈ രംഗം കൂടുതല്‍ വഷളാകും. സ്ത്രീകള്‍ ധൈര്യമായി വന്ന് അഭിപ്രായം പറഞ്ഞിട്ടും സര്‍ക്കാരിന്റെ ഭാഗത്തുനിന്നും നിയമപരമായ പരിഹാരം ഉണ്ടാകുന്നില്ല. സാംസ്‌കാരിക മന്ത്രി എന്തൊക്കെയാണ് പറയുന്നത്? എല്ലാം നിയമവിരുദ്ധമായ കാര്യങ്ങളാണ് ചെയ്യാന്‍ പറയുന്നത്. സജി ചെറിയാന്റേത് സത്യപ്രതിജ്ഞാ ലംഘനമാണെന്നും വി ഡി സതീശന്‍ ആരോപിച്ചു. പാര്‍ട്ടിയിലെ ആളുകള്‍ സമ്മര്‍ദ്ദം ചെലുത്തിയിട്ടും മുഖ്യമന്ത്രി അനങ്ങുന്നില്ല. മുകേഷ് രാജി വെക്കണമെന്നും പ്രതിപക്ഷ നേതാവ് ആവര്‍ത്തിച്ചു.
എം മുകേഷ് എംഎല്‍എ സ്ഥാനം രാജിവെക്കണമെന്ന് രമേശ് ചെന്നിത്തലയും ആവശ്യപ്പെട്ടു. യുഡിഎഫ് എംഎല്‍എമാര്‍ക്കെതിരെ ആരോപണങ്ങള്‍ ഉയര്‍ന്ന സാഹചര്യമല്ല ഇപ്പോഴുള്ളത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സര്‍ക്കാര്‍ പൂഴ്ത്തിയ 14 പേജുകള്‍ എവിടെയെന്നും രമേശ് ചെന്നിത്തല ചോദിച്ചു.