തിരുവനന്തപുരം: സർക്കാറിനും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ ഗുരുതര ആരോപണങ്ങളുമായി പ്രതിപക്ഷനേതാവ് വി ഡി സതീശൻ. പാറമേക്കാവ് ഹാളിൽ നടന്ന പരിപാടിയിൽ ആർഎസ്എസ് നേതാവിനെ കാണാൻ എഡിജിപി അജിത് കുമാർ പോയെന്നും ഒരു മണിക്കൂർ സംസാരിച്ചുവെന്നും വിഡി സതീശൻ പറഞ്ഞു. എന്തിനാണ് അജിത് കുമാറിനെ മുഖ്യമന്ത്രി അങ്ങോട്ടയച്ചതെന്നും സതീശൻ ചോദിച്ചു. മുഖ്യമന്ത്രിയെ കാണാൻ പോയ പി വി അൻവർ പോയത് പോലെയല്ല തിരിച്ചുവന്നത്. രണ്ടു മാലയുമായി പോകാമായിരുന്നു. ഒന്ന് ശശിക്കും ഒന്ന് എഡിജിപിക്കും ഇട്ട് കൊടുക്കാമായിരുന്നു. കേന്ദ്ര ഏജൻസികളുടെ അന്വേഷണം അവസാനിപ്പിക്കാനായിരുന്നു കൂടിക്കാഴ്ച്ച.
ബിജെപിയുടെ ലക്ഷ്യം സാധിച്ചു തരാം എന്ന വാക്കാണ് മുഖ്യമന്ത്രി നൽകിയിരിക്കുന്നത്. ഒരു മിനിറ്റ് പോലും സുജിത് ദാസിനെ സർവീസിൽ നിലനിർത്താനാവില്ല. എന്തൊരു ഫോൺ സംഭാഷണമായിരുന്നു അത്. അൻവറിൻ്റെ ആരോപണത്തിൽ സിബിഐ അന്വേഷണം വേണം. ആരോപണങ്ങൾ അന്വേഷിക്കാൻ യുഡിഎഫ് നിയമപരമായി മുന്നോട്ട് പോകും. തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ സഹകരണ തട്ടിപ്പ് അന്വേഷണം അവസാനിച്ചു.
പിടിമുറുക്കിയവർ എവിടെയെന്നും പ്രതിപക്ഷനേതാവ് ചോദിച്ചു. എഡിജിപിയെയും ശശിയെയും തൊടില്ല. താഴെയുള്ളവരെക്കൊണ്ട് അന്വേഷിപ്പിക്കുകയാണ്. സംഘപരിവാറുമായുള്ള ബന്ധം സിപിഐഎം തുടരുകയാണ്. ഇ പി ജയരാജൻ ജാവദേക്കറിനെ കണ്ടത് ഈ ഡീലിൻ്റെ ഭാഗമായാണ്. ബിജെപി നേതാവിനെ കണ്ടത് കൊണ്ടാണ് ഇപിയെ പുറത്താക്കിയത്. മുഖ്യമന്ത്രിയും താൻ ജാവദേക്കറെ കണ്ടു എന്ന് പറഞ്ഞിരുന്നുവെന്നും വിഡി സതീശൻ കൂട്ടിച്ചേർത്തു.