Kerala

പി.ജയരാജനു ക്രിമിനല്‍ സംഘങ്ങളുമായി ബന്ധമുണ്ടെന്ന വെളിപ്പെടുത്തല്‍ അന്വേഷിക്കണം : വി ഡി സതീശൻ

Posted on

തിരുവനന്തപുരം∙ ഡിവൈഎഫ്ഐ മുന്‍ നേതാവ് മനു തോമസിന്റെ വെളിപ്പെടുത്തല്‍ ലഹരിമരുന്ന് ഗുണ്ടാ മാഫിയകള്‍ക്കു സിപിഎം-ഡിവൈഎഫ്ഐ രക്ഷകര്‍തൃത്വമെന്ന പ്രതിപക്ഷ ആരോപണം അടിവരയിടുന്നതാണെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. സിപിഎം നേതാവ് പി.ജയരാജനു ക്രിമിനല്‍ സംഘങ്ങളുമായി ബന്ധമുണ്ടെന്ന വെളിപ്പെടുത്തല്‍ അന്വേഷിക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. മനു തോമസ് നടത്തിയ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍ നിരവധി തവണയായി കേരളത്തിലെ പ്രതിപക്ഷം സര്‍ക്കാരിനും സിപിഎമ്മിനും എതിരെ ഉന്നയിച്ച ആരോപണങ്ങള്‍ അടിവരയിടുന്നതാണ്. നാട്ടിലെ ക്വട്ടേഷന്‍ – ലഹരി മരുന്ന് ഗുണ്ടാ മാഫിയകള്‍ക്കു കേരളത്തിലെ ഭരണകക്ഷിയാണു രാഷ്ട്രീയ രക്ഷകര്‍തൃത്വം നല്‍കുന്നത്. അതിന്റെ ഏറ്റവും അവസാനത്തെ ഉദാഹരണമാണ് ഇപ്പോള്‍ നടത്തിയിരിക്കുന്ന വെളിപ്പെടുത്തലെന്ന് സതീശൻ ചൂണ്ടിക്കാട്ടി.

സിപിഎം ഉന്നത നേതാവായ പി.ജയരാജനും അദ്ദേഹത്തിന്റെ മകനും എതിരെയാണു ഡിവൈഎഫ്ഐ നേതാവ് ആരോപണം ഉന്നയിച്ചിരിക്കുന്നത്. സ്വര്‍ണക്കടത്ത് സംഘങ്ങളുമായും സ്വര്‍ണം പൊട്ടിക്കല്‍ സംഘങ്ങളുമായും ക്വട്ടേഷന്‍ സംഘങ്ങളുമായും പി ജയരാജനും മകനും ബന്ധമുണ്ടെന്നാണു വെളിപ്പെടുത്തല്‍. മലയോര മേഖലയില്‍ ക്വാറി മുതലാളിമാര്‍ക്കു സൗകര്യം ചെയ്തു കൊടുക്കാന്‍ പറ്റിയ ഏരിയ സെക്രട്ടറിമാരെ നിയമിക്കുന്ന തലത്തിലേക്കു സിപിഎം തരംതാഴ്ന്നു. സിപിഎമ്മിനെ ജീര്‍ണത ബാധിച്ചിരിക്കുന്നു എന്ന പ്രതിപക്ഷ ആരോപണം ശരിയാണെന്നാണു ഡിവൈഎഫ്ഐ നേതാവ് വ്യക്തമാക്കിയിരിക്കുന്നത്.

‘‘വെളിപ്പെടുത്തല്‍ നടത്തിയ മനു തോമസിനെ ഇപ്പോള്‍ ഭീഷണിപ്പെടുത്തുകയാണ്. ലഹരിമരുന്ന് സ്വര്‍ണക്കടത്ത് കേസുകളില്‍ ഉള്‍പ്പെട്ട ക്വട്ടേഷന്‍ സംഘാംഗങ്ങളായ ആകാശ് തില്ലങ്കേരിയും അര്‍ജുന്‍ ആയങ്കിയുമൊക്കെയാണു ഭീഷണിക്കു പിന്നില്‍. പാര്‍ട്ടിക്കെതിരെ സംസാരിച്ചാല്‍ അത് അവസാനിപ്പിക്കാന്‍ അറിയാമെന്നാണു ഭീഷണി. ഷുഹൈബ് വധത്തില്‍ സിപിഎമ്മിനു പങ്കുണ്ടന്ന വെളിപ്പെടുത്തല്‍ നടത്തിയ ക്രിമിനല്‍ കേസിലെ പ്രതിയായ ആകാശ് തില്ലങ്കേരിയാണ് ഇപ്പോള്‍ പാര്‍ട്ടിയെ സംരക്ഷിക്കുന്ന ക്രിമിനലായി രംഗപ്രവേശം ചെയ്തിരിക്കുന്നത്. ഇവര്‍ക്കെല്ലാം സിപിഎം നേതാക്കളാണു കുടപിടിച്ചു കൊടുക്കുന്നത്.

‘‘എം. ഷാജിര്‍ എന്ന ഡിവൈഎഫ്ഐ നേതാവിനെതിരെ മനു തോമസ് ജില്ലാ കമ്മിറ്റിയില്‍ ആരോപണം ഉന്നയിക്കുകയും ആകാശ് തില്ലങ്കേരിയുടെ ശബ്ദരേഖ ഹാജരാക്കുകയും ചെയ്തു. ക്രിമിനല്‍ സംഘങ്ങളുമായുള്ള ബന്ധത്തിന്റെ പേരില്‍ ആരോപണ വിധേയനായ ഷാജിറിനെ സിപിഎം യുവജന കമ്മിഷന്‍ ചെയര്‍മാനായി സ്ഥാനക്കയറ്റം നല്‍കി. ആകാശ് തില്ലങ്കേരിക്കു ട്രോഫി സമ്മാനിച്ച ആളാണ് ഇപ്പോള്‍ യുവജനകമ്മിഷന്‍ ചെയര്‍മാനായി ഇരിക്കുന്നത്. ഇവരൊക്കെയാണു സിപിഎമ്മിന്റെ അടുത്ത തലമുറ. കേരളത്തില്‍ ലഹരിമരുന്ന് മാഫിയ തഴച്ചു വളരുന്നതിന്റെ പിന്നിലും സിപിഎമ്മിന്റെയും ഡിവൈഎഫ്ഐയുടെയും രാഷ്ട്രീയ രക്ഷകര്‍തൃത്വമാണെന്ന പ്രതിപക്ഷ ആരോപണമാണ് ഇപ്പോള്‍ ശരിയാണെന്നു തെളിഞ്ഞിരിക്കുന്നത്.

‘മുഖ്യമന്ത്രിയുടെ ഓഫിസിലെ ഉപജാപക സംഘമാണു പൊലീസിനെ നിയന്ത്രിക്കുന്നത്. ഏരിയാ സെക്രട്ടറിമാരാണ് എസ്എച്ച്ഒമാരെ നിയന്ത്രിക്കുന്നത്. ജില്ലാ സെക്രട്ടറിമാരാണ് എസ്പിമാരെയും നിയന്ത്രിക്കുന്നത്. കീഴ്‌വഴക്കമുണ്ടെങ്കിലും മനു തോമസിന്റെ വെളിപ്പെടുത്തല്‍ സംബന്ധിച്ച വിഷയം അവതരിപ്പിക്കാന്‍ സ്പീക്കര്‍ അനുമതി നല്‍കിയില്ല. അന്വേഷണം ആവശ്യപ്പെട്ട് കണ്ണൂര്‍ ഡിസിസി കലക്ടറേറ്റിലേക്കു മാര്‍ച്ച് സംഘടിപ്പിക്കും. കേരളം ഭരിക്കുന്ന പാര്‍ട്ടിയുടെ യഥാര്‍ഥ മുഖമാണു പുറത്തു വന്നിരിക്കുന്നത്’’ – സതീശൻ പറഞ്ഞു..

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version