കെപിസിസി യോഗത്തില്‍ നിന്ന് തനിക്കെതിരെ വാര്‍ത്ത ചോര്‍ത്തിയെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശന്‍ ഉന്നയിച്ച പരാതിയില്‍ അന്വേഷണത്തിന് തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ നിയോഗിച്ച് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്. കേരളത്തിലെ ഇത്തരം പ്രവണതകള്‍ മഹാമോശമെന്നും സംഘടനയുടെ കെട്ടുറപ്പിനെ ബാധിക്കുമെന്നും രൂക്ഷമായി പരാമര്‍ശിച്ചാണ് എഐസിസി ജനറല്‍ സെക്രട്ടറി ദീപാ ദാസ്മുന്‍ഷിയുടെ കത്ത്. എത്രയും വേഗത്തില്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. കെപിസിസി അച്ചടക്ക സമിതി അധ്യക്ഷനെന്ന് നിലയിലാണ് തിരുവഞ്ചൂരിന് അന്വേഷണ ചുമതല നല്‍കിയിരിക്കുന്നത്
കെപിസിസി യോഗത്തില്‍ പ്രതിപക്ഷ നേതാവിനെതിരെ ചില ഭാരവാഹികള്‍ രൂക്ഷമായ വിമര്‍ശനം ഉന്നയിച്ചിരുന്നു. കെപിസിസി പ്രസിഡന്റ് കെ സുധാകരനെ മറികടന്ന് സൂപ്പര്‍ പ്രസിഡന്റായി സതീശന്‍ പ്രവര്‍ത്തിക്കുന്നുവെന്ന വിമര്‍ശനമാണ് ഉയര്‍ന്നത്. ഈ വിമര്‍ശനങ്ങളില്‍ സതീശന്‍ അസ്വസ്ഥനാണ്. മിഷന്‍ 25 എന്ന തദ്ദേശ തിരഞ്ഞെടുപ്പിനുള്ള മാസ്റ്റര്‍പ്ലാനില്‍ നിന്ന് നിസഹകരണം പ്രഖ്യാപിച്ചാണ് സതീശന്‍ എതിര്‍പ്പ് അറിയിച്ചത്. ഒപ്പം തന്നെ യോഗത്തിലെ വിമര്‍ശനം മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയവര്‍ക്കെതിരെ നടപടി വേണമെന്ന ആവശ്യവും സതീശന്‍ ഹൈക്കമാന്‍ഡിന് മുന്നില്‍ വച്ചിരുന്നു.
പ്രതിപക്ഷ നേതാവിനെതിരെ വിമര്‍ശനം ഉയരുമെന്ന് യോഗം തുടങ്ങിയപ്പോള്‍ തന്നെ ചില ഭാരവാഹികള്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് സന്ദേശം അയച്ചിരുന്നു എന്നാണ് സതീശന് ലഭിച്ചിരിക്കുന്ന വിവരം. ഇതിനുപിന്നില്‍ 3 കെപിസിസി ജനറല്‍ സെക്രട്ടറിമാരാണ് എന്നാണ് സതീശന്‍ ആരോപിക്കുന്നത്. അപമാനിക്കാനുള്ള ശ്രമം അംഗീകരിക്കാന്‍ കഴിയില്ലെന്നും ശക്തമായ നടപടി വേണമെന്ന നിലപാടിലാണ് സതീശന്‍.
സതീശനെ നോട്ടമിട്ട് നടത്തിയ നീക്കത്തില്‍ കൊല്ലം, ആലപ്പുഴ ജില്ലകളില്‍ നിന്നുള്ള ജനറല്‍ സെക്രട്ടറിമാര്‍ക്കെതിരെ നടപടിയുണ്ടാകുമോ എന്നാണ് ഇനി അറിയേണ്ടത്. മാധ്യമങ്ങള്‍ക്ക് വിവരം ചോര്‍ത്തി നല്‍കല്‍ കോണ്‍ഗ്രസില്‍ പുതുമയുള്ള കാര്യമല്ല. ഇത് അവസാനിപ്പിക്കാന്‍ എന്ത് നടപടി വരും എന്നതിലാണ് ആകാംക്ഷ.