Kerala

മാരാമണ്‍ കണ്‍വെന്‍ഷനില്‍ പ്രാസംഗികനായി വി ഡി സതീശനും

Posted on

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വിഡി സതീശന് ഏഷ്യയിലെ ഏറ്റവും വലിയ ക്രൈസ്തവ സുവിശേഷ കൂട്ടായ്മയായ മാരാമണ്‍ കണ്‍വെന്‍ഷനില്‍ പ്രാസംഗികനായി ക്ഷണം. ഫെബ്രുവരി 15ാം തീയതി നടക്കുന്ന യുവജന സമ്മേളനത്തില്‍ സംസാരിക്കാനാണ് വി ഡി സതീശനെ ക്ഷണിച്ചിരിക്കുന്നത്. 130 വര്‍ഷം ചരിത്രമുള്ള മാരാമണ്‍ കണ്‍വെന്‍ഷനില്‍ രാഷ്ട്രീയക്കാര്‍ പങ്കെടുക്കാറുണ്ടെങ്കിലും പ്രസംഗിക്കാന്‍ വളരെ ചുരുക്കം ആളുകള്‍ക്കെ അവസരം ലഭിക്കാറുള്ളു.

1935-ല്‍ എബ്രഹാം മാര്‍ത്തോമ്മാ മെത്രാപ്പോലിത്തയുടെ ക്ഷണപ്രകാരം സി.വി. കുഞ്ഞിരാമന്‍ പ്രസംഗിച്ചിരുന്നു. ജാതിസമ്പ്രദായത്തിന്റെ പേരില്‍ ഈഴവരുടെ കൂട്ട മതംമാറ്റത്തെക്കുറിച്ചുള്ള ചിന്ത കണ്‍വെന്‍ഷനില്‍ സി വി പങ്കിട്ടത് പിന്നീട് വലിയ മാറ്റങ്ങള്‍ക്ക് കാരണമായിരുന്നു. പിറ്റേവര്‍ഷത്തെ ക്ഷേത്ര പ്രവേശന വിളംബരം നടത്താന്‍ ഈ പ്രസംഗവും ഒരു കാരണമായിരുന്നു.

മുഖ്യമന്ത്രിയായിരുന്ന സി. അച്യുതമേനോനും 1974-ല്‍ യൂ ഹാനോന്‍ മാര്‍ത്തോമ്മാ മെത്രാപ്പോലീത്തയുടെ ക്ഷണപ്രകാരം പ്രസംഗിച്ചിരുന്നു. സഭകള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടികളുമായി ഏറെ അകന്നുനിന്നിരുന്ന കാലമായിരുന്നു അത്. ക്രൈസ്തവദര്‍ശനത്തെ കമ്യൂണിസ്റ്റ് കാഴ്ചപ്പാടില്‍ എങ്ങനെ കാണുന്നെന്ന് വിശദീകരിക്കുന്നതായിരുന്നു അച്യുതമേനോന്‍റെ പ്രസംഗം. മുന്‍വര്‍ഷം ശശി തരൂര്‍ കണ്‍വെന്‍ഷന്റെ ഭാഗമായി നടക്കുന്ന യുവജനസമ്മേളനത്തില്‍ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version