പ്രതിപക്ഷം വിമര്‍ശിക്കുമ്പോള്‍ മന്ത്രിമാര്‍ക്ക് പൊള്ളുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്. ആമയിഴഞ്ചാനില്‍ ജോയിയെ കാണാതായതില്‍ പ്രതിപക്ഷം വിമര്‍ശിച്ചപ്പോഴും ഈ പൊള്ളല്‍ വന്നത് സ്വാഭാവികമാണെന്നും സതീശന് പറഞ്ഞു.
“മന്ത്രി എം.ബി.രാജേഷ് പിണറായി വിജയന് പഠിക്കുകയാണ്. എം.ബി രാജേഷിന് താന്‍ വിമര്‍ശനത്തിന് അതീതനാണെന്ന തോന്നല്‍ വന്നു തുടങ്ങി. നിയമസഭയില്‍ പ്രതിപക്ഷ നേതാവ് കൈ ചൂണ്ടി സംസാരിച്ചെന്നാണ് മന്ത്രി പരാതിപ്പെട്ടത്. മന്ത്രിയുടെ മുഖത്ത് മാത്രമല്ല മുഖ്യമന്ത്രിയുടെ മുഖത്തിന് നേരെയും വിരല്‍ ചൂണ്ടി സംസാരിക്കും. പ്രതിപക്ഷം സര്‍ക്കാരിനെ വിമര്‍ശിച്ചത് മഴക്കാലപൂര്‍വ ശുചീകരണം നടന്നിട്ടില്ലെന്നതിന്റെ പേരിലാണ്. കേരളത്തില്‍ പകര്‍ച്ചവ്യാധികള്‍ പടരുന്നെന്നും അതീവ ഗൗരവത്തോടെ പ്രതിപക്ഷം നിയമസഭയില്‍ പറഞ്ഞതാണ്. അന്ന് ഈ മന്ത്രി എന്ത് ഉത്തരമാണ് നല്‍കിയത്? ഇപ്പോള്‍ അതേ മന്ത്രി എന്താണ് പറയുന്നത്? പ്രതിപക്ഷമാണോ വിവാദമുണ്ടാക്കിയത്?”
“തിരുവനന്തപുരത്തെ 1039 ഓടകളില്‍ 839 എണ്ണത്തിന്റെ ശുചീകരണം കഴിഞ്ഞെന്നാണ് മന്ത്രി നിയമസഭയില്‍ പറഞ്ഞത്. എവിടെയാണ് ഓട വൃത്തിയാക്കിയത്. പെരുമാറ്റച്ചട്ടം കാരണം യോഗം നടത്താന്‍ പറ്റിയില്ലെന്നതാണ് മന്ത്രിയുടെ മറ്റൊരു വാദം. മന്ത്രിമാരും എംഎല്‍എമാരും യോഗം ചേരുന്നതിന് മാത്രമെ പെരുമാറ്റച്ചട്ട വിലക്കുള്ളൂ. മഴക്കാലവും തിരഞ്ഞെടുപ്പുമൊക്കെ വരുമെന്ന് സര്‍ക്കാരിന് അറിയില്ലായിരുന്നോ? തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുന്‍പ് മഴക്കാല പൂര്‍വശുചീകരണം നടത്തേണ്ടതായിരുന്നു. ഒന്നും ചെയ്യാന്‍ സര്‍ക്കാര്‍ തയാറായില്ല. ഒരു രാത്രി മുഴുവന്‍ മഴ പെയ്താല്‍ തിരുവനന്തപുരം വെള്ളത്തിനടിയിലാകും.” – സതീശന് പറഞ്ഞു.