Kerala
വിലങ്ങാടിന് പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണം; മുഖ്യമന്ത്രിക്ക് നിവേദനം നൽകി വിഡി സതീശൻ
കോഴിക്കോട്: ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ വിലങ്ങാടിന് പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ മുഖ്യമന്ത്രിക്ക് നിവേദനം നൽകി. വയനാട്ടില്‍ ഉരുള്‍പൊട്ടലുണ്ടായ അതേ ദിവസങ്ങളിലാണ് കോഴിക്കോട് വിലങ്ങാട്ടും ഉരുള്‍ പൊട്ടിയത്.
ഒരു മഹാദുരന്തത്തിന്റെ ആഘാതത്തില്‍ നിന്നപ്പോള്‍ വിലങ്ങാടിന് മതിയായ ശ്രദ്ധ കിട്ടിയിട്ടില്ല. വയനാടിന്റെ വിലാപത്തോട് പ്രതികരിച്ച അതേ രീതിയില്‍ വിലങ്ങാടിന്റെ ദുഖവും നമ്മള്‍ കാണണമെന്നും അടിയന്തര പുനരധിവാസം ഉറപ്പ് വരുത്തണമെന്നും മുഖ്യമന്ത്രിക്ക് നിവേദനം നൽകിയതിന് ശേഷം മാധ്യമങ്ങൾക്ക് നൽകിയ പ്രതികരണത്തിൽ വിഡി സതീശൻ പറഞ്ഞു. വളരെ അനുകൂലമായ സമീപനമാണ് മുഖ്യമന്ത്രി സ്വീകരിച്ചതെന്നും സംസ്ഥാനത്തെ വയനാട്ടിലും വിലങ്ങാടിലുമുണ്ടായ ദുരന്തത്തെ അതിജീവിക്കാൻ പ്രതിപക്ഷത്തിന്റെ എല്ലാ വിധ സഹായ സഹകരണവും ഉണ്ടാകുമെന്നും സതീശൻ പറഞ്ഞു.
പൂർണ്ണമായും തകർന്ന 21 വീടുകൾക്കും വാസയോഗ്യമല്ലാതെയായി പോയ 150 വീടുകൾക്കും പകരം വീടുകൾ നിർമിച്ചു നൽകണമെന്നും നിർദേശമുണ്ട്. ഉപജീവനത്തിന് കൃഷിയെ ആശ്രയിക്കുന്ന ഇവരുടെ നഷ്ട്ടങ്ങളും നികത്തണം. ഒലിച്ചുപോയ പാലങ്ങളും റോഡുകളുമടക്കം അടിസ്ഥാന സൗകര്യങ്ങൾ ഉടൻ പുനർനിര്മിക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെടുന്നുണ്ട്.