Kerala
കെ റെയില്‍ അട്ടിമറിക്കാന്‍ വിഡി സതീശന്‍ 150 കോടി കോഴ വാങ്ങിയെന്ന ആരോപണം: ഹര്‍ജി കോടതിയില്‍
തിരുവനന്തപുരം: കെ റെയില്‍ പദ്ധതി അട്ടിമറിക്കാന്‍ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ കോഴ വാങ്ങിയെന്ന ആരോപണം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി ഇന്ന് കോടതി പരിഗണിക്കും. തിരുവനന്തപുരം വിജിലന്‍സ് കോടതിയാണ് ഹര്‍ജി പരിഗണിക്കുക. കവടിയാര്‍ സ്വദേശി ഹഫീസ് ആണ് കോടതിയെ സമീപിച്ചത്.
കെ റെയില്‍ പദ്ധതി അട്ടിമറിക്കാന്‍ വിഡി സതീശന്‍ അന്യ സംസ്ഥാന ലോബികളില്‍ നിന്ന് വന്‍തുക കൈക്കൂലി വാങ്ങിയതായി പിവി അന്‍വര്‍ നിയമസഭയില്‍ ആരോപണം ഉന്നയിച്ചിരുന്നു. ഇതില്‍ അന്വേഷണം ആവശ്യപ്പെട്ട് ഹഫീസ് വിജിലന്‍സ് ഡയറകര്‍ക്ക് പരാതി നല്‍കിയിരുന്നു. എന്നാല്‍ വിജിലന്‍സ് അന്വേഷണം നടത്താതിരുന്നതോടെയാണ് പരാതിക്കാരന്‍ കോടതിയെ സമീപിച്ചത്.
ഹര്‍ജിയില്‍ വിജിലന്‍സ് നിലപാട് ഇന്ന് കോടതിയെ അറിയിക്കും. സില്‍വര്‍ ലൈന്‍ പദ്ധതി നടപ്പായാല്‍ കേരളത്തിന്റെ ഐടി മേഖലയില്‍ ഉണ്ടാകുന്ന കുതിച്ചുചാട്ടം ഇല്ലാതാക്കാന്‍ കോണ്‍ഗ്രസിനെ കൂട്ടുപിടിച്ച് അന്യസംസ്ഥാന കോര്‍പറേറ്റ് ഭീമന്മാരാണ് പദ്ധതി അട്ടിമറിച്ചതെന്നായിരുന്നു നിലമ്പൂര്‍ എംഎല്‍എ നിയമസഭയില്‍ ആരോപിച്ചത്. പ്രതിപക്ഷ നേതാവ് ഇതിനായി 150 കോടി കൈപ്പറ്റിയെന്നും പി വി അന്‍വര്‍ ആരോപിച്ചിരുന്നു.