തിരുവനന്തപുരം: രാഷ്ട്രീയകാര്യ സമിതി യോഗത്തിന് പിന്നാലെ സംസ്ഥാന കോൺഗ്രസ്സിൽ തർക്കം മുറുകുന്നു. രാഷ്ട്രീയകാര്യ സമിതിയുടെ തീരുമാനം ആദ്യദിനം പൊളിഞ്ഞു.
വി ഡി സതീശനും കെ സുധാകരനും രണ്ടു തട്ടിൽ നിൽക്കുന്നതാണ് തർക്കത്തിന് കാരണം. ഇരുവരും തമ്മിലുള്ള തർക്കം കാരണം രാഷ്ട്രീയകാര്യ സമിതി തീരുമാനിച്ച സംയുക്ത വാർത്താ സമ്മേളനം മാറ്റിവെയ്ക്കുകയായിരുന്നു. തർക്കങ്ങളിൽ കോൺഗ്രസ് ഹൈക്കമാൻഡ് അതൃപ്തി അറിയിച്ചിട്ടുണ്ട്.
ഇതിനിടെ സംഘടന മെച്ചപ്പെടുത്തുന്നതിനായി കേരളത്തിൻ്റെ ചുമതലയുള്ള ദീപാ ദാസ് മുൻഷി രാഷ്ട്രീയകാര്യ സമിതി അംഗങ്ങളുടെ അഭിപ്രായം തേടി. പുനസംഘടന എങ്ങനെ വേണമെന്നതിലും ദീപാ ദാസ് മുൻഷി നേതാക്കളുടെ അഭിപ്രായം ആരാഞ്ഞിട്ടുണ്ട്. ഒറ്റക്കെട്ടായി മുന്നോട്ടു പോകണമെന്ന് പൊതുവികാരമാണ് നേതാക്കൾ പങ്കുവെച്ചിരിക്കുന്നത്. കേരളത്തിലെ സാഹചര്യം സംബന്ധിച്ച് ദീപാ ദാസ് മുൻഷി വിശദ റിപ്പോർട്ട് ഹൈക്കമാൻ്റിന് കൈമാറും.