Kerala

ഒരു ക്ലാസില്‍ 70ലധികം കുട്ടികള്‍ വന്നാല്‍ എങ്ങനെയാണ് പഠിപ്പിക്കുക? വിമർശനവുമായി വി ഡി സതീശന്‍

Posted on

മലപ്പുറം: പ്ലസ് വണ്‍ സീറ്റ് വിഷയത്തില്‍ പ്രക്ഷോഭം ശക്തമാക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. വിഷയത്തില്‍ ഫലപ്രദമായ പരിഹാരം കാണാന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല. ഒരു ക്ലാസില്‍ എഴുപതിലധികം കുട്ടികള്‍ വന്നാല്‍ എങ്ങനെയാണ് പഠിപ്പിക്കുകയെന്നും വി ഡി സതീശന്‍ ചോദിച്ചു.

‘പൊതു വിദ്യാഭ്യാസം ശക്തിപ്പെടുത്തുന്നതിനെ കുറിച്ച് ഇപ്പോള്‍ സര്‍ക്കാര്‍ മിണ്ടുന്നില്ല. കുട്ടികളുടെ എണ്ണം കുറഞ്ഞു വരികയാണ്. അപകടകരമായ രീതിയിലേയ്ക്ക് പൊതു വിദ്യാഭ്യാസ രംഗം പോവുകയാണ്. ബാച്ചുകള്‍ അനുവദിക്കാനാവില്ല എന്നുള്ള വിദ്യാഭ്യാസമന്ത്രിയുടെ നിലപാട് തെറ്റായ തീരുമാനമാണ്. സീറ്റ് മാത്രം വര്‍ധിപ്പിക്കുന്നത് തികഞ്ഞ പരാജയമാണ്. കുട്ടികളില്ലാത്ത സ്ഥലത്തുനിന്ന് സീറ്റുകള്‍ കുറച്ച് കുട്ടികള്‍ കൂടുതലുള്ള കൂടുതലുള്ളയിടങ്ങളില്‍ സീറ്റുകള്‍ നല്‍കണം.

എന്തുപറഞ്ഞാലും മലപ്പുറം എന്ന് പറയുന്നത് എന്തുകൊണ്ടാണ്? മറ്റുള്ള ജില്ലകളിലും പ്രശ്‌നങ്ങളുണ്ട്. വിദ്യാഭ്യാസപരമായി പിന്നോക്കം നിന്നിരുന്ന ജില്ല ഇപ്പോള്‍ മുന്നോക്കം നില്‍ക്കുന്നു. അതിനെ വേറെ രീതിയില്‍ കാണുന്നത് ബിജെപി ചെയ്യുന്ന പരിപാടിയാണ്. വടകരയില്‍ ചെയ്ത അതേ പരിപാടിയാണ് സിപിഐഎം ചെയ്യുന്നത്. ബിജെപിയും സിപിഐഎമ്മും ഒരേ നാണയത്തിന്റെ രണ്ട് വശങ്ങളാണെന്ന് വീണ്ടും തെളിയിക്കുകയാണ്. സിപിഐഎം വര്‍ഗീയ ധ്രുവീകരണം ഉണ്ടാക്കുകയാണ്. ഇത് മലപ്പുറത്തിന്റെ വികാരം മാത്രമല്ല’, വി ഡി സതീശന്‍ പ്രതികരിച്ചു.

കെ സുധാകരനെ കുറ്റവിമുക്തനാക്കിയ ഹൈക്കോടതി വിധിയെക്കുറിച്ചും പ്രതിപക്ഷ നേതാവ് പ്രതികരിച്ചു. ‘വിധി സ്വാഗതാര്‍ഹമാണ്. കെ സുധാകരനെ പ്രതിയാക്കിയത് രാഷ്ട്രീയ ഉദ്ദേശത്തോടെ. കോണ്‍ഗ്രസ് നിലപാട് ശരിവെക്കുന്നതാണ് ഹൈക്കോടതി വിധി. എം വി രാഘവനെയും ആ കേസില്‍ പെടുത്താന്‍ ശ്രമിച്ചു. അത് തെറ്റായിരുന്നു. കോണ്‍ഗ്രസ് നേതാക്കളെ പ്രതികളാക്കാനുള്ള സിപിഐഎമ്മിന്റെ ഗൂഢാലോചനയായിരുന്നു കേസിന് പിന്നില്‍. അപ്പീല്‍ പോകുന്നത് കൊണ്ട് ഒരു കാര്യവുമില്ലെന്നും’ പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version