കൊച്ചി: കേരളം സ്വപ്നം കണ്ടിരുന്ന എറണാകുളം- ബെംഗളൂരു വന്ദേഭാരത് വെറും സ്വപ്നം മാത്രം ആകുമോ എന്നാണ് ഇപ്പോൾ പേടി. കഴിഞ്ഞ ദിവസം കേരളത്തിലെത്തിച്ച പുതിയ വന്ദേഭാരത് റേക്ക് ഇന്നലെ പുലർച്ചെ കർണാടകയിലേക്കു കടത്തി. എറണാകുളം- ബെംഗളൂരു റൂട്ടിൽ വന്ദേഭാരത് സർവീസ് സജീവ പരിഗണനയിലിരിക്കെയാണു പുതിയ റേക്ക് കഴിഞ്ഞ ദിവസം തിരുവനന്തപുരം കൊച്ചുവേളിയിൽ എത്തിച്ചത്. ഇതാണ് ഇന്നലെ ദക്ഷിണ പശ്ചിമ റെയിൽവേക്കു കീഴിൽ കർണാടകയിൽ സർവീസ് നടത്താനായി കൊണ്ടുപോയത്.
12നു പ്രധാനമന്ത്രി നരേന്ദ്രമോദി 6 പുതിയ വന്ദേഭാരത് ട്രെയിനുകളുടെ ഉദ്ഘാടനം നിർവഹിക്കുന്നുണ്ട്. ഇതിൽ ദക്ഷിണ റെയിൽവേക്കു ലഭിക്കാൻ സാധ്യതയുണ്ടായിരുന്ന 2 വന്ദേഭാരത് സർവീസിൽ ഒന്ന് എറണാകുളം- ബെംഗളൂരു റൂട്ടിലായിരുന്നു. കേരളത്തിൽ നിന്ന് ഏറ്റവും തിരക്കുള്ള ബെംഗളൂരുവിലേക്കു വന്ദേഭാരത് സർവീസ് എന്നത് യാത്രക്കാരുടെ ഏറെനാളത്തെ ആവശ്യമാണ്.
ഹൈബി ഈഡൻ എംപി, ബിജെപി നേതാവ് പി.കെ. കൃഷ്ണദാസ് എന്നിവർ ഇതേ ആവശ്യമുന്നയിച്ച് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന് കത്തു നൽകുകയും ചെയ്തിരുന്നു. കേരളത്തിന്റെ ന്യായമായ ആവശ്യത്തോടാണു റെയിൽവേ അധികൃതർ വീണ്ടും മുഖംതിരിച്ചത്. ശക്തമായ ഇടപെടൽ ഉണ്ടായില്ലെങ്കിൽ എറണാകുളം- ബെംഗളൂരു വന്ദേഭാരത് കടലാസിൽ ഒതുങ്ങും.