കൊച്ചി: ഡോ. വന്ദന കൊലക്കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള അച്ഛന്റെ ഹർജി തള്ളി കോടതി. ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് ആണ് വിധി പറഞ്ഞത്. നിലവിലെ പോലീസ് അന്വേഷണം കാര്യക്ഷമമല്ലെന്നും വീഴ്ച പറ്റിയ പോലീസുകാരെ സംരക്ഷിക്കാൻ ആണ് അന്വേഷണ സംഘം ശ്രമിക്കുന്നതെന്നും ചൂണ്ടിക്കാട്ടിയാണ് ഹർജി നൽകിയത്. എന്നാൽ സിബിഐ ഇടപെടേണ്ട സാഹചര്യം ഇല്ലെന്നും സന്ദീപ് മാത്രമാണ് പ്രതിയെന്നും കോടതി പറഞ്ഞു. അപൂർവമായ സാഹചര്യമില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. നിലവിലെ അന്വേഷണത്തിൽ കോടതി തൃപ്തി രേഖപ്പെടുത്തി. അതേസമയം പ്രതി സന്ദീപിന്റെ ജാമ്യാപേക്ഷയും കോടതി തള്ളി.
കഴിഞ്ഞ വർഷം മെയ് 10ന് പുലർച്ചെയാണ് കൊല്ലം കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോ. വന്ദന ദാസിനെ പോലീസ് ചികിത്സയ്‌ക്കെത്തിച്ച പ്രതി സന്ദീപ് കുത്തിക്കൊലപ്പെടുത്തിയത്. ആശുപത്രിയിൽ വച്ച് കത്രിക കൊണ്ട് പ്രതി ഡോക്ടറെയും പോലീസുകാരെയുമടക്കം ആക്രമിക്കുകയായിരുന്നു. ഒട്ടേറെ തവണ കുത്തേറ്റ ഡോക്ടർ വന്ദനയെ തിരുവനന്തപുരം കിംസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കൊല്ലം അസീസിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ആൻഡ് റിസർച് സെന്ററിലെ എംബിബിഎസ് പഠനത്തിനു ശേഷമാണ് ഹൗസ് സർജനായി സേവനമനുഷ്ഠിക്കുകയായിരുന്നു വന്ദന. കോട്ടയം മുട്ടുചിറ നമ്പിച്ചിറക്കാലായിൽ (കാളിപറമ്പ്) കെ.ജി.മോഹൻദാസിന്റെയും വസന്തകുമാരിയുടെയും ഏക മകളാണ്. കൊലപാതകത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് വന്ദന ദാസിന്റെമാതാപിതാക്കൾ ഹൈക്കോടതിയെ സമീപിച്ചിരുന്നു. പോലീസ് അന്വേഷണം കാര്യക്ഷമമല്ലെന്നും സുരക്ഷാവീഴ്ചകൾ പരിശോധിച്ചില്ലെന്നും ഇവർ ഹർജിയിൽ വിമർശിച്ചിരുന്നു.