തിരുവനന്തപുരം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഡ്യൂട്ടിക്കിടെ കൊല്ലപ്പെട്ട ഡോ.വന്ദന ദാസിന്റെ കേസ് സിബിഐ അന്വേഷണത്തിന് ഉത്തരവിടാന്‍ കഴിയില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന്. ഈ കാര്യത്തില്‍ ഒരു പ്രത്യേക സ്ക്വാഡിന്റെയും അന്വേഷണം ആവശ്യമില്ലെന്നും മോന്‍സ് ജോസഫിന്റെ ശ്രദ്ധക്ഷണിക്കലിനു മുഖ്യമന്ത്രി നിയമസഭയില്‍ മറുപടി നല്കി.
കേസില്‍ സമഗ്രമായ അന്വേഷണം നടത്തി 90 ദിവസത്തിനുള്ളില്‍ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് പൊലീസ് ചെയ്യേണ്ട നടപടികള്‍ ഒരു കാലതാമസവും ഇല്ലാതെ ചെയ്തു എന്നാണ് ഇത് കാണിക്കുന്നത്.
കേസന്വേഷണം തൃപ്തികരമല്ലെന്നും കേസ് സിബിഐക്ക് വിടണമെന്നും ആവശ്യപ്പെട്ടു ഡോ. വന്ദന ദാസിന്റെ മാതാപിതാക്കള്‍ ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. ഇതിനോടകം അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിക്കപ്പെട്ടതിനാലും മറ്റു പ്രത്യേക കാരണങ്ങള്‍ കണ്ടെത്താന്‍ കഴിയാത്തതിനാലും ഹൈക്കോടതി ഹര്‍ജി നിരസിച്ചു. ആ ഹൈക്കോടതി നിലപാടിനൊപ്പമല്ലാതെ ഗവണ്മെന്റ് സിബിഐ അന്വേഷണത്തിന് ഉത്തരവിടണമെന്നാണ് മോന്‍സ് ജോസഫ് പറയുന്നത്. എന്തടിസ്ഥാനത്തിലാണ് ഉത്തരവിടുക? എല്ലാ കാര്യങ്ങളും കൃത്യമായി അന്വേഷിച്ചതാണ്. കുറ്റപത്രം സമര്‍പ്പിച്ചതാണ്. പ്രത്യേകിച്ച് പരാതികള്‍ ഇല്ലാത്തതാണ്. ഒരു പ്രത്യേക സ്ക്വാഡിന്റെയും അന്വേഷണം ഇനി ഈ കാര്യത്തില്‍ ആവശ്യമില്ല’-മുഖ്യമന്ത്രി പറഞ്ഞു.