തിരുവനന്തപുരം : വടകര ലോക്സഭാ മണ്ഡലത്തിലെ ഫലം എന്തായാലും കേരളത്തിൽ ഒരു മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് ഉറപ്പ്. അത് പാലക്കാട് ആണോ മട്ടന്നൂർ ആണോ എന്ന് വടകരക്കാർ തീരുമാനിക്കും. രണ്ട് എംഎൽഎമാര്‍ തമ്മിലുളള പോരാട്ടമാണ് വടകരയെ കാത്തിരിക്കുന്നത്.
മൂന്നു തവണ തുടർച്ചയായി ജയിപ്പിച്ച പാലക്കാട് നിയമസഭാ മണ്ഡലത്തിൽനിന്ന് ഷാഫി പറമ്പിൽ വടകര ലോക്സഭാ മണ്ഡലത്തിലേക്ക് മാറിയാണ് പോരാട്ടത്തിനിറങ്ങുന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ഷാഫിയുടെ വിജയം 3859 വോട്ടുകൾക്കായിരുന്നു. ഷാഫി വിജയിക്കുകയും പാലക്കാട് ഉപതെരഞ്ഞെടുപ്പ് വരികയും ചെയ്താൽ മണ്ഡലം നിലനിർത്താനാകുമെന്ന് കോൺഗ്രസിന് ഉറപ്പു പറയാനാവാത്ത അവസ്ഥയാണെന്ന് തെളിയിക്കുന്നതാണ് കണക്കുകൾ.
2016 ലെ ഷാഫിയുടെ 17483 വോട്ടുകളുടെ ഭൂരിപക്ഷം ആണ് കഴിഞ്ഞ തവണ ഇ ശ്രീധരനോടുളള മത്സരത്തിൽ കുത്തനെ ഇടിഞ്ഞത്. പാലക്കാട് ഉപതെരഞ്ഞെടുപ്പ് വന്നാൽ അത് യുഡിഎഫിന് അഗ്നിപരീക്ഷയാകും. എല്ലാ കാലത്തും ഇടതുപക്ഷത്തിന്റെ അടിയുറച്ച കോട്ടയായ മട്ടന്നൂരിൽ കെ കെ ശൈലജയ്ക്ക് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ലഭിച്ച ഭൂരിപക്ഷം 60,963 വോട്ടുകളുടേതാണ്. ഇത്തവണ വടകര ലോക്സഭാ മണ്ഡലത്തിൽ ശൈലജ വിജയിച്ചാൽ മട്ടന്നൂരിൽ ഉപതെരഞ്ഞെടുപ്പുണ്ടാകും.