Kerala
‘തൃശൂർ പൂരം കലക്കിയതിൽ രാഷ്ട്രീയ ഗൂഢാലോചന’; പൊലീസിന് ഗുരുതര വീഴ്ചയെന്ന് വി എസ് സുനിൽ കുമാർ
തൃശൂർ: തൃശൂർ പൂരത്തിൽ പൊലീസിന് വീഴ്ച പറ്റിയെന്നും പിന്നിൽ നടന്ന ഗൂഢാലോചന പുറത്തുവരണമെന്നും സിപിഐ നേതാവ് വി എസ് സുനിൽ കുമാർ. തൃശൂർ പൂരം കലക്കുന്നതിൽ എഡിജിപി എം ആർ അജിത് കുമാർ ഇടപെട്ടുവെന്ന ആരോപണവുമായി പി വി അൻവർ എംഎൽഎ രംഗത്തെത്തിയതിന് പിന്നാലെയാണ് വി എസ് സുനിൽ കുമാറിന്റെ പ്രതികരണം.
പൂരം അലങ്കോലമായത് യാദൃശ്ചികമായല്ലെന്നും പൊലീസിന് കൃത്യവിലോമം സംഭവിച്ചിട്ടുണ്ടെന്നും വി എസ് സുനിൽ കുമാർ പറഞ്ഞു. പൂരം വിവാദത്തിൽ അന്വേഷണത്തിന് മുഖ്യമന്ത്രി ഉത്തരവിട്ടിരുന്നെങ്കിലും റിപ്പോർട്ട് പുറത്ത് വന്നിരുന്നില്ല. ഈ റിപ്പോർട്ട് പുറത്ത് വിടാൻ ഉടൻ മുഖ്യമന്ത്രിയോട് ആവശ്യപ്പെടുമെന്നും വി എസ് സുനിൽ കുമാർ പറഞ്ഞു.
ഒരുപാട് പൂരപ്രേമികളെ വിഷമത്തിലാക്കിയ സംഭവമായിരുന്നു പൂരവിവാദം. അതുകൊണ്ട് തന്നെ സത്യം പുറത്ത് വരണം. പൂരം കലക്കിയതിന്റെ ഗുണഭോക്താക്കൾ തന്നെയാണ് ഇതിന് പിന്നിലുള്ളത് എന്ന് വ്യക്തമാണ്. അതുവരെ പ്രശ്ങ്ങളൊന്നുമില്ലാതെ മുന്നോട്ട് പോയ പൂരത്തിൽ ആരാണ് ലൈറ്റ് ഓഫാക്കാനും മേള നിർത്തിവെക്കാനും വെടിക്കെട്ട് അവസാനിപ്പിക്കാനും പറഞ്ഞതെന്ന് പുറത്ത് വരണമെന്നും വി എസ് സുനിൽ കുമാർ പറഞ്ഞു. ലോക്സഭാ തിരഞ്ഞെടുപ്പിൽ പൂരം വിവാദം എൽഡിഎഫിന് തിരിച്ചടിയായെന്നും സുനിൽ കുമാർ കൂട്ടിച്ചേർത്തു.